വീട് നിര്‍മിച്ച് നല്‍കി അധിക സ്‌ക്വയര്‍ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സ്ഥാപന ഉടമ അറസ്റ്റില്‍

തൃശൂര്‍ ആമ്പല്ലൂര്‍ മണലി ഇടച്ചേരിപ്പറമ്പില്‍ ബ്രിഘോഷ് ഗോപാലകൃഷ്ണന്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. പറവൂര്‍ കവല സ്വദേശി അനില്‍ കുമാറിന് വീട് നിര്‍മ്മിച്ചു നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിയത്

Update: 2021-08-28 15:03 GMT

കൊച്ചി: പുതിയവീട് നിര്‍മ്മിച്ച് നല്‍കിയ ശേഷം അധിക സ്‌ക്വയര്‍ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍തട്ടിയ ആള്‍ അറസ്റ്റില്‍ . തൃശൂര്‍ ആമ്പല്ലൂര്‍ മണലി ഇടച്ചേരിപ്പറമ്പില്‍ ബ്രിഘോഷ് ഗോപാലകൃഷ്ണന്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. പറവൂര്‍ കവല സ്വദേശി അനില്‍ കുമാറിന് വീട് നിര്‍മ്മിച്ചു നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിയത്.

ബ്രിഘോഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഗവണ്‍മെന്റ് അംഗികാരമുള്ളതാണെന്ന് വ്യാജമായി പറഞ്ഞാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. പണി പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 5,000 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് പറഞ്ഞ് ഒരു കോടി പതിനാല് ലക്ഷത്തോളം രൂപ ഉടമയില്‍ നിന്ന് കൈപ്പറ്റി.

എന്നാല്‍ ഉടമ വീട് അളന്നു നോക്കിയപ്പോള്‍ 4,350 സ്‌ക്വയര്‍ ഫീറ്റേ ഉള്ളുവെന്നും ഇതുവഴി 43 ലക്ഷത്തോളം ഇയാള്‍ തട്ടിച്ചുവെന്നും കാണിച്ചാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ബ്രിഘോഷിനെ ബാംഗ്ലൂരില്‍ നിന്ന് അറസറ്റ് ചെയ്യുകയുമായിരുന്നു. എസ്എച്ച് ഒ സി എല്‍ സുധീര്‍, എസ്‌ഐമാരായ ആര്‍ വിനോദ്, എസ്.രാജേഷ്‌കുമാര്‍, സിപിഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags: