അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍

അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം യഥാക്രമം 11,500 രൂപയായും 7,750 രൂപയായും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാവും.

Update: 2019-02-14 10:37 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും യഥാക്രമം വര്‍ധിപ്പിച്ച ഓണറേറിയമായ 12,000 രൂപയും 8,000 രൂപയും ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം യഥാക്രമം 11,500 രൂപയായും 7,750 രൂപയായും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാവും. ഇതുകൂടാതെ ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കും. ഇതിന് പുറമേ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് അങ്കണവാടി സെന്ററുകളുടെ ശരിയായ നടത്തിപ്പില്‍ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 500 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 2018 ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 3,000 രൂപയില്‍ നിന്ന് 4,500 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 1,500 രൂപയില്‍ നിന്ന് 2,250 രൂപയായും വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി വരുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള 8,800 രൂപയും ഹെല്‍പ്പര്‍മാര്‍ക്കുള്ള 6,400 രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച വര്‍ധനവ് കൂടി പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം 9,300 രൂപയും 6,650 രൂപയുമായി വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News