ഹിജാബ്: വിധി ഭരണഘടനാ മൂല്യങ്ങളെ തിരസ്‌കരിക്കുന്നതെന്ന് കെഎംവൈഎഫ്

മുസ്‌ലിം മത ചിഹ്നങ്ങളെ ഒന്നാകെ ഭീകരവല്‍ക്കരിക്കുന്ന സംഘപരിവാര്‍ ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയാവും ഈ വിധി ചെയ്യുന്നത്.

Update: 2022-03-15 17:17 GMT

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്ന് കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി.

ഹിജാബ് ധരിക്കല്‍ അനിവാര്യമല്ലെന്ന വിചിത്രമായ കണ്ടെത്തലാണ് കോടതി നടത്തിയത്. അത് അനിവാര്യമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്നും കോടതി പറയുന്നു. മുസ്‌ലിം മത ചിഹ്നങ്ങളെ ഒന്നാകെ ഭീകരവല്‍ക്കരിക്കുന്ന സംഘപരിവാര്‍ ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയാവും ഈ വിധി ചെയ്യുന്നത്.

അതേസമയം, ഭരണഘടന അനുശാസിക്കുന്ന മതചിഹ്നങ്ങള്‍ അണിഞ്ഞ് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പഠിക്കാനും സാമൂഹിക വ്യവഹാരങ്ങളില്‍ ഇടപെടാനും സാധിക്കാത്ത ആശങ്കാജനകമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്. ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഭരണഘടനാ വിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ ഒന്നിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മാര്‍ച്ച് 21ന് കെഎംവൈഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും.

സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി സുലൈമാന്‍ ദാരിമി, അല്‍അമീന്‍ റഹ്മാനി, നാഷിദ് ബാഖവി, പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി , ഷാക്കിര്‍ ഹുസൈന്‍ ദാരിമി, ഷിറാസി ബാഖവി, അര്‍ഷദ് ബദരി, അമാനുള്ള മിഫ്താഹി, കെ ആര്‍ ശാഹുല്‍ ഹമീദ് മുസ്‌ല്യാര്‍, ഫസലുറഹ്മാന്‍ മൗലവി, ഷമീര്‍ മൗലവി നെല്ലിക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു.


Tags:    

Similar News