ശബരിമല: ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി

നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പ വരെ എത്തിക്കാന്‍ ഇന്ന് രാവിലെ 11 മുതല്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കുന്നതിനാല്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാകും പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തി വിടുന്നത്.

Update: 2019-11-16 05:59 GMT

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് സുഗമമായ തീര്‍ത്ഥാടനത്തിനായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ജി ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പോലിസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്പിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെ ചുമതലയേറ്റു. കൂടാതെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തിക്കും. മൊത്തം 2800 പോലിസിനെയാണ് നിലവില്‍ നിയോഗിച്ചിരിക്കുന്നത്.

ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാകും കടത്തിവിടുക. നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പ വരെ എത്തിക്കാന്‍ ഇന്ന് രാവിലെ 11 മുതല്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ്  ആരംഭിക്കും. വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കുന്നതിനാല്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാകും പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തി വിടുന്നത്.

ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലിസ് ഫോഴ്‌സിനെയും ട്രാഫിക് പോലിസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭക്തര്‍ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളില്‍ പ്രത്യേക സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. പന്തളം കൊട്ടാരം സന്ദര്‍ശനം, തിരുവാഭരണ ദര്‍ശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനകാലത്ത് അഞ്ചുഘട്ടങ്ങളിലായാണ് പോലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കുന്നത്. 

Tags:    

Similar News