തൃക്കാക്കര നഗരസഭയ്ക്ക് പോലിസ് സംരക്ഷണം: ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

പ്രതിഷേധവുമായി ബന്ധപ്പെട്ടു നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി

Update: 2021-09-06 14:36 GMT

കൊച്ചി:തൃക്കാക്കര നഗരസഭയ്ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നു ഹൈക്കോടതി വീണ്ടും സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. പ്രതിഷേധവുമായി ബന്ധപ്പെട്ടു നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ചെയര്‍പേഴ്‌സന് സംരക്ഷണം നല്‍കാത്ത കാര്യത്തില്‍ കഴിഞ്ഞ ദിവസം കോടതി പ്രത്യേകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയില്‍ പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

എന്നാല്‍ സംരക്ഷണം നല്‍കുന്നില്ലെന്നു ചെയര്‍പേഴ്‌സന്‍ വീണ്ടും കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദ്ദേശം വീണ്ടുമുണ്ടായത്.തൃക്കാക്കര നഗരസഭക്ക് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന്‌പോലിസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പോലിസ് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി വീണ്ടും ഇടപെട്ടത്. കേസ് വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ നല്‍കിയെന്ന് ആരോപണത്തില്‍ തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് നഗരസഭയിലെ പ്രതിസന്ധിക്കു കാരണമായത്.

Tags:    

Similar News