ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ ഒഴിച്ച സംഭവം: ന്യായാധിപന്മാര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് കേരള ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍

സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സാമ്പദിക്കാമെന്നോ ഉളള വ്യാമോഹമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളതെന്നും അസോസിയേഷന്‍ വ്യക്തമാക്കി

Update: 2021-02-04 05:59 GMT

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ന്യായാധിപന്മാര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് കേരള ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍.സിറ്റിംഗ് ജഡ്ജിയുടെ ഒദ്യോഗിക വാഹനം ഹൈക്കോടതി പരിസരത്ത് വെച്ച് ഇന്നലെ ആക്രമിച്ച പശ്ചാത്തലത്തിലാണ് ജുഡീഷ്യല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഇത്തരം ആവശ്യവുമായി രംഗത്തു വന്നത്.സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സാമ്പദിക്കാമെന്നോ ഉളള വ്യാമോഹമാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ന്യായാധിപന്മാര്‍ക്കും കോടതികള്‍ക്കും സ്വതന്ത്രവും നിഷ്പക്ഷവുമായി കടമ നിര്‍വഹിക്കാന്‍ മതിയായ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഈ സാഹചര്യത്തില്‍ ന്യായാധിപന്മാരുടെയും കോടതികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷെര്‍സിയുടെ കാറിനു നേരെ ഹൈക്കോടതിയുടെ മുന്നില്‍ വെച്ച് കോട്ടയം എരുമേലി ഹരിഭവന്‍ രഘുനാഥന്‍ ആര്‍ നായര്‍(55) കരി ഓയില്‍ ഒഴിച്ചത്.ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജഡ്ജിയുടെ കാറിനു നേരെ ഇയാള്‍ കരി ഓയില്‍ ഒഴിച്ചത്.തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലിസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടി.തുടര്‍ന്ന് എറണകുളം സെന്‍ട്രല്‍ പോലിസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതതിനു ശേഷം കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയും ഇയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Tags:    

Similar News