പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ സ്വമേധായ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണണെന്നും ഹൈക്കോടതി ഉത്തരവിട്ടു

Update: 2021-11-15 14:09 GMT

കൊച്ചി: സംസ്ഥാനത്ത് പാതയോരങ്ങളില്‍ പുതിയതായി കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും നിലവിലുള്ള അനധികൃത കൊടിമരങ്ങള്‍ 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ സ്വമേധായ നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണണെന്നും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ പാതയോരങ്ങളിലുള്ള കൊടിമങ്ങളുടെ എണ്ണം അതിശയം ജനിപ്പിക്കുന്നുവെന്നു കോടതി വ്യക്തമാക്കി. നാടൊട്ടുക്ക് തോന്നിയ പോലെ കൊടിമരങ്ങള്‍ സ്ഥാപിക്കുകയാണെന്നും അടി പേടിച്ച് ഇവ മാറ്റാന്‍ ആരും ധൈര്യം കാണിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കൊടിമരം മാറ്റുന്നതു സംബന്ധിച്ചു കാര്യങ്ങള്‍ ചെയ്യുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നു വ്യക്തമാക്കിയ കോടതി ഉത്തരവു നടപ്പാക്കുന്നതു വരെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കാതെ നോക്കണമെന്നും സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. കോടതി ഉത്തരവ് നടപ്പാക്കുന്നതിനു നല്ല രീതിയിലുള്ള പ്രചാരണം നല്‍കണമെന്നു കോടതി വ്യക്തമാക്കി. പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് 25 ന് പരിഗണിക്കാനായി മാറ്റി.

Tags:    

Similar News