കനത്ത മഴ; നിലമ്പൂരില്‍ മരം പൊട്ടിവീണ് മൂന്നുപേര്‍ മരിച്ചു

പൂളക്കപ്പാറ കോളനിയിലെ ശങ്കരന്‍, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്

Update: 2019-04-25 14:45 GMT

മലപ്പുറം: പൂളക്കപ്പാറ ആദിവാസി കോളനിയില്‍ കനത്ത മഴയില്‍ മരം പൊട്ടിവീണ് മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്ക്. നിലമ്പൂര്‍ മൂത്തേടം പഞ്ചായത്തില്‍ നെല്ലിക്കുത്ത് പൂളക്കപ്പാറ ആദിവാസി കോളനിയില്‍ ശക്തമായ കാറ്റില്‍ മരംവീണ് 3 പേര്‍ മരിച്ചു. പൂളക്കപ്പാറ കോളനിയിലെ ശങ്കരന്‍(65), ചാത്തി(55), പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി(45) എന്നിവരാണ് മരിച്ചത്. പടുക്ക ഫോറസ്റ്റ് ഡിവിഷനിലെ ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉല്‍സവം നടക്കുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് 6.30 നാണ് അപകടം. സമീപ കോളനികളിലെ ആദിവാസികളും ഉല്‍സവത്തിനെത്തിയിരുന്നു. പരിക്കേറ്റവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ അനന്യ എന്ന എട്ടു വയസ്സുകാരിയുമുണ്ട്. പരിക്കേറ്റവരെ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവസ്ഥലത്തെ മരം കാറ്റിലും മഴയിലും കൂടിനിന്നവരുടെമേല്‍ പൊട്ടിവീഴുകയായിരുന്നു. മൂവരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.




Tags: