മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് മഴ; മരണനിരക്ക് ഉയരുന്നു

ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. അഴുത ഭാഗത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.

Update: 2020-08-07 10:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപൊക്കത്തിലും വ്യാപക നാശം. ഇതുവരെ വിവിധ ജില്ലകളിലായി 12 ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് 11 പേര്‍ മരിച്ചു. 78 പേരാണ് അപകടത്തില്‍ പെട്ടത്. 12 പേര രക്ഷപ്പെടുത്തി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം. മരിച്ചവരില്‍ 9 പേരുടേതാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു പേരുടെ മരണം അനൗദ്യോഗികമായി സ്ഥിരീകരിച്ചതാണ്. അതേസമയം, രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പാലക്കാട് ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം, പോക്കുപ്പടി കൂടമംഗലത്ത് താമസിക്കുന്ന മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന മാനു (70) ആണ് മരിച്ചത്. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍. വീട്ടില്‍ ഉണ്ടായിരുന്ന മറ്റു അംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അതിനിടെ,കോട്ടയം പൂഞ്ഞാര്‍ പെരിങ്ങുളത്ത് ഉറവപ്ലാവില്‍ ഉരുള്‍ പൊട്ടി. വ്യാപകമായി കൃഷി ഭൂമി നശിച്ചു. ഒരു വീടും തകര്‍ന്നു. വള്ളിയാംതടം തൊമ്മച്ചന്റെ പറമ്പിന് സമീപമാണ് ഉരുളെത്തിയത്. പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുകയാണ്. പുത്തന്‍ പറമ്പില്‍ മേരിയുടെ വീടാണ് തകര്‍ന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇവരെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. സമീപത്തെ 2 വീട്ടുകാരെ ഇവിടെ നിന്നും മാറ്റാനുള്ള ശ്രമം ആരംഭിച്ചതായി ഗ്രാമ പഞ്ചായത്തംഗം അറിയിച്ചു.

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് നഗരസഭ വാര്‍ഡ് 24ലെ ആനിക്കാ കുടി കോളനിയില്‍ വെള്ളം കയറി. കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിമൂവാറ്റുപുഴ ഇലാഹിയ കോളനി 17 കുടുംബങ്ങളെ ജെ.ബി സ്‌കൂളിലേക്ക് മാറ്റി. എറണാകുളത്ത് ഏലൂര്‍ മുനിസിപ്പലിറ്റിയിലെ പതിമൂന്നാം വാര്‍ഡിലെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടുകര സ്‌കൂളില്‍ തുടങ്ങിയ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. ഇവിടെ 80 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. അഴുത ഭാഗത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്. അതിനിടെ, പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കക്കാട്ടാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സീതത്തോടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയിലെ മലയോര മേഖലയായ സീതത്തോട് ആങ്ങമുഴി ചിറ്റാര്‍ മണിയാര്‍ പെരുനാട് പ്രദേശങ്ങളിലാണ് മഴ തോരാതെ പെയ്യുന്നത്. ഏറെ നാശനഷ്ടങ്ങളുണ്ടായതും സീതത്തോട് കേന്ദ്രീകരിച്ചാണ്. വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മണിയാര്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും മൂഴിയാറിലെ ഒരു അണക്കെട്ടും തുറന്നു. ശബരിമല ഉള്‍ വനത്തില്‍ ഉരുള്‍പൊട്ടിയെന്നാണ് സൂചന. വന്‍മരങ്ങള്‍ കക്കാട്ടാറിലൂടെ ഒഴുകിയെത്തുന്നുണ്ട്. അള്ളുങ്കല്‍ ഭാഗത്ത് വെള്ളം ഉയരുന്ന സാഹചര്യത്തില്‍ മണിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഇനിയും നാല് മീറ്ററെങ്കിലും ഉയത്തേണ്ടി വരും. അങ്ങനെയെങ്കില്‍ പമ്പാ നദിയില്‍ മൂന്ന് മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 34.62 ആണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 99 ശതമാനവും വെള്ളം നിറഞ്ഞു. മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നലെ തുറന്നെങ്കിലും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ രണ്ട് ഷട്ടറുകള്‍ അടച്ചു. റാന്നിയിലും ജലനിരപ്പ് ഉയരുകയാണ്. 2018 ല്‍ പ്രളയമുണ്ടായ മേഖലയിലെ ആളുകള്‍ മുന്‍കരുതലിന്റെ ഭാഗമായി മറ്റിടങ്ങളിലേക്ക് മാറി തുടങ്ങി. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോന്നി പഞ്ചായത്തിലെ പൊന്തനാകുഴി കോളനിയിലെ 32 കുടുംബങ്ങളിലെ ക്യാന്പിലേക്ക് മാറ്റി. തിരുവല്ലയിലെ പെരിങ്ങര, ചാത്തങ്കരി ഭാഗങ്ങളിലും മഴ തോര്‍ന്നിട്ടില്ല. പമ്പയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആറന്മുളയിലും, കോഴഞ്ചേരിയിലും എല്ലാം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിനായി ആറ് താലൂക്കുകളിലും എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നു.

മലപ്പുറം നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ വെള്ളം കയറി. മൈലാടി റോഡിലും വെള്ളം കയറി, മഴ ശക്തി കുറഞ്ഞതോടെ നേരിയ തോതില്‍ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വയനാട്ടിലും, ഗൂഡല്ലൂര്‍ ഭാഗത്തും മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലമ്പൂര്‍ മേഖലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലപ്പുറത്ത് മലയോര പ്രദേശത്ത് കനത്ത മഴയാണ്. ചാലിയാറും, കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. കാഞ്ഞിരപ്പുഴ നെടുങ്കയം ആദിവാസി കോളനിയില്‍ വെള്ളം കയറി. കുടുംബങ്ങളെ സമീപത്തെ ട്രൈബല്‍ സ്‌കൂളിലേക്ക് മാറ്റി. 41 കുട്ടികളടക്കം 153 പേരാണ് ദുരിതാശ്വാസ കേന്ദ്രത്തില്‍ ഉള്ളത്.

വയനാട്ടില്‍ പുത്തുമലയ്ക്കടുത്ത് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍. ആള്‍ നാശമില്ല. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്.ഒരു വീടും കുറേ സ്ഥലങ്ങളും ഒലിച്ചു പോയതായി പഞ്ചായത്തംഗം പറഞ്ഞു. കോളനിയിലെ കുടുംബങ്ങളെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

വയനാട്-കണ്ണൂര്‍ ജില്ലകളിലെ ബന്ധിപ്പിക്കുന്ന പാല്‍ ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മുത്തങ്ങയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദേശീയപാത 766-ല്‍ ഗതാഗതം തടസപെട്ടു. തലപ്പുഴ മക്കിമലയിലും കുന്നില്‍ ചെരുവിലും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്ന് തലപ്പുഴ പോലീസ് അറിയിച്ചു. നരസി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നടവയല്‍ പേരൂര്‍ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയില്‍ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പലയിടത്തും പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി. പിലാക്കാവ് മണിയന്‍ കുന്നില്‍ വീടിന് പിറകില്‍ മണ്ണിടിഞ്ഞ് വീണു. വാളാട് പുത്തൂരില്‍ മെയിന്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ഭൂതത്താന്‍കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെയാണ് പെരിയാറില്‍ വെള്ളമുയര്‍ന്നത്.

Tags:    

Similar News