സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാൻ ആരോഗ്യവകുപ്പ്

മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മാസ്‌ക് നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Update: 2020-04-25 07:00 GMT

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്. കൊവിഡ് ഭീതി ഒഴിഞ്ഞാലും ഇല്ലെങ്കിലും വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചു മാത്രമേ വിദ്യാലയങ്ങളിലെത്താവൂ. മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മാസ്‌ക് നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒരു കുട്ടിക്ക് രണ്ടു മാസ്‌ക് വീതമാണ് നല്‍കുക. തുണികൊണ്ടുള്ള മാസ്‌ക് സൗജന്യമായിരിക്കും. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിര്‍മാണം.

ഓരോ ബിആര്‍സിയിലും കുറഞ്ഞത് 30,000 മാസ്‌ക് നിര്‍മിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്‌ക്‌നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ബിആര്‍സി തന്നെ വാങ്ങണം നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാം. മേയ് 30-നുള്ളില്‍ സ്‌കൂളുകളില്‍ ഇത് എത്തിക്കണം. സൗജന്യ യൂണിഫോമിനായുള്ള തുകയിലാകും ഇതിന്റെ ചെലവ് വകയിരുത്തുക.

Tags: