ഹര്‍ത്താലുകളും പണിമുടക്കുകളും ഒരുമണിക്കൂറായി ചുരുക്കണമെന്ന് കരാറുകാര്‍

മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ വലിയ ബാധ്യതയാണുണ്ടാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയക്കുമെന്ന് ഭാരവാഹികള്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Update: 2019-01-07 13:39 GMT

കോട്ടയം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരുമണിക്കൂറായി ചുരുക്കുന്നതിന് രാഷ്ട്രീയകക്ഷികളും സംഘടിത വിഭാഗങ്ങളും തയ്യാറാവണമെന്ന ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. തുടര്‍ച്ചയായുണ്ടാവുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും പൊതുജനത്തിന് ദുരിതമായി മാറുന്നു. കൂടാതെ ഹര്‍ത്താലുകള്‍ നിര്‍മാണമേഖലയെ ഇല്ലാതാക്കും.

മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ വലിയ ബാധ്യതയാണുണ്ടാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയക്കുമെന്ന് ഭാരവാഹികള്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ ദിവസവും സ്ഥിരം തൊഴിലാളികള്‍ക്ക് വേതനം നല്‍കണം, അല്ലാത്തവര്‍ക്കും പലപ്പോഴും കൂലി നല്‍കാറുണ്ട്. ക്രഷര്‍ ഉള്‍പ്പെടെ മെഷീനറികള്‍ക്കും വാടക കൊടുക്കണം. പ്രളയത്തോടൊപ്പമുണ്ടായ വലിയ നഷ്ടങ്ങള്‍ക്കൊപ്പം ജിഎസ്ടിക്കൊപ്പം സെസ്സും കൂടി വന്നപ്പോഴുണ്ടായ അധികബാധ്യതയും തങ്ങളെ ബുദ്ധിമുട്ടിലാക്കി.

പ്രതിഷേധത്തിന് നല്ല മാര്‍ഗങ്ങള്‍ തേടണം. ഇതുസംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംരംഭകസംഘടനാ പ്രതിനിധികളുടെ യോഗം ഈമാസം 16 ന് തിരുവനന്തപുരത്ത് ചേരുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡണ്ട് റെജി ടി ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, ഖജാഞ്ചി മനോജ് പാലാത്ര, വി എം സലിം എന്നിവര്‍ അറിയിച്ചു.


Tags:    

Similar News