ഹര്‍ത്താല്‍ നിയന്ത്രണം: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

അടുത്തമാസം 14ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. യോഗത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.

Update: 2019-02-26 05:10 GMT

തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. അടുത്തമാസം 14ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. യോഗത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ച്ചയായുണ്ടാവുന്ന ഹര്‍ത്താല്‍ പ്രശ്‌നം നിയമസഭയില്‍ ഉയര്‍ന്നുവന്നപ്പോള്‍തന്നെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നത്. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ മിന്നല്‍ ഹര്‍ത്താലുകളില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്കുണ്ടാവുന്നതായും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ പെരുവഴിയിലാക്കിയെന്നതാണ് വിരോധാഭാസം.

Tags: