എച്ച്1എൻ1പടരുന്നു; പനി ഭീതിയിൽ കേരളം

രോഗബാധയെ തുടര്‍ന്ന് ഈമാസം സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 565 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇതില്‍ 22 പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Update: 2019-06-17 09:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 പനി പടരുന്നു. രോഗബാധയെ തുടര്‍ന്ന് ഈമാസം സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 565 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇതില്‍ 22 പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് എച്ച്1 എന്‍1 കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്ത് കണ്ണൂരിലെ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് എട്ട് പേരില്‍ എച്ച്1 എന്‍1 കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ ആദ്യം എച്ച്1 എന്‍1 പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 581 പേരില്‍ രോഗം കണ്ടെത്തിയതില്‍ 26 പേരാണ് മരണത്തിനു കീഴടങ്ങിയത്.

അതേസമയം, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും പടരുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വ്യക്തി ശുചിത്വവും പരിശരം ശുചിത്വവും വഴി രോഗം പടരുന്നത് തടയാന്‍ കഴിയും.

എച്ച്1 എന്‍1 

സ്വൈൻ ഇൻഫ്ലുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച്1 എന്‍1 ഇന്‍ഫ്ലുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുളളതാണ്. ടൈപ്പ് എ ഇൻഫ്ലുവൻസ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്ലുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നു.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദ്ദി, വിറയല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കാൻ ഇടയുണ്ട്.

ചികിൽസാരീതികള്‍

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിരേയും മരുന്നുകള്‍ നല്‍കും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കാം.

പ്രതിരോധ നടപടികള്‍

1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.

2. ജലദോഷപ്പനിയുണ്ടെങ്കില്‍ വീട്ടില്‍ വിശ്രമിക്കുക.

3. പോഷകാഹാരങ്ങള്‍ കഴിക്കുക, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക.

4. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, മറ്റു ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

5. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എന്‍1 പനിയും തടയാന്‍ സഹായിക്കും.

Tags:    

Similar News