മല്‍സ്യകൃഷിക്ക് വന്‍ നേട്ടം;ഇന്ത്യയില്‍ ആദ്യമായി ചെമ്പല്ലിയുടെ വിത്തുല്‍പാദനം വിജയം

കിലോയ്ക്ക് 600 രൂപവരെ വിലവിരുന്ന ചെമ്പല്ലിയെ ഇനി കൃത്രിമായി പ്രജനനം നടത്താം.സാങ്കേതികവിദ്യ വികസിപ്പിച്ചത് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ)ചെമ്പല്ലിയുടെ കുഞ്ഞുങ്ങളെ ലഭ്യമാകുന്നതോടെ കായല്‍ പോലെയുള്ള ഓരുജലാശയങ്ങള്‍ ധാരാളമായുള്ള കേരളത്തില്‍ മല്‍സ്യകൃഷിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്

Update: 2021-05-26 09:04 GMT

കൊച്ചി: മല്‍സ്യകൃഷിക്ക് വന്‍ നേട്ടമായി ഉയര്‍ന്ന വിപണന മൂല്യമുള്ള ചെമ്പല്ലിയുടെ വിത്തുല്‍പാദനം വിജയം.ഇന്ത്യയില്‍ ആദ്യമായാണ് ചെമ്പല്ലിയെ കൃത്രിമമായി പ്രജനനം നടത്തുന്നത്. ഇതോടെ, സംസ്ഥാനത്തെ മല്‍സ്യകര്‍ഷകരുടെ ഏറെ നാളായുള്ള ഒരു വലിയപ്രതസന്ധിക്ക് പരിഹാരമായി. ഏറെ ലാഭകരമായ ചെമ്പല്ലിയുടെ കൃഷിക്ക് കര്‍ഷകര്‍ക്ക് വിലങ്ങായിരുന്നത് ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച കുഞ്ഞുങ്ങളെ ലഭിക്കാത്തതായിരുന്നു. ജലാശയങ്ങളില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന കുഞ്ഞുങ്ങളെയായിരുന്നു ഇതുവരെ മല്‍സ്യകര്‍ഷകര്‍ ആശ്രയിച്ചിരുന്നത്.

വിപണിയില്‍ കിലോയ്ക്ക് 600 രൂപ വരെ ചെമ്പല്ലിക്ക്് വിലയുണ്ട്. ചെമ്പല്ലിയുടെ കുഞ്ഞുങ്ങളെ ലഭ്യമാകുന്നതോടെ കായല്‍ പോലെയുള്ള ഓരുജലാശയങ്ങള്‍ ധാരാളമായുള്ള കേരളത്തില്‍ മല്‍സ്യകൃഷിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനമാണ് (സിബ) ചെമ്പല്ലിയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിച്ചത്. അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വിത്തുല്‍പാദനം വിജയകരമായത്. മാംസളമായ ചെമ്പല്ലി സ്വാദിഷ്ടവും മലയാളി തീന്‍മേശകളിലെ ഇഷ്ടവിഭവവുമായതിനാല്‍ തന്നെ വിപണിയില്‍ ഇവയ്ക്ക് ഏറെ ആവശ്യക്കാരുണ്ട്. ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങാനുള്ള ശേഷിയുമുള്ളതിനാല്‍ കൃഷിചെയ്ത് ഉല്‍പാദിപ്പിക്കാന്‍ വളരെ അനുയോജ്യവുമാണ് ചെമ്പല്ലി.


കായലുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുകൃഷി, പെന്‍കള്‍ച്ചര്‍ വഴിയും പരമ്പരാഗതരീതിയിലും ചെമ്പല്ലി കൃഷി ചെയ്യാം. ആറ് മാസത്തിനുള്ളില്‍ അരക്കിലോ തൂക്കം കൈവരിക്കുന്ന വളര്‍ച്ചാനിരക്ക് പുതുതായി പ്രജനനം നടത്തിയ ചെമ്പല്ലിക്കുണ്ടെന്ന് സിബ ഡയറക്ടര്‍ ഡോ കെ കെ വിജയന്‍ പറഞ്ഞു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെമ്പല്ലിയുടെ ഹാച്ചറിസംവിധാനം വികസിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാണ്. ഈ സാങ്കേതികവിദ്യ വ്യാപകമാകുന്നതിലൂടെ കേരളത്തില്‍ മത്സ്യകൃഷി കൂടുതല്‍ ജനകീയമാക്കാനും അതുവഴി ആഭ്യന്തര മത്സോല്‍പാദനം കൂട്ടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വാണിജ്യമൂല്യമുള്ള ഓരുജലാശ മത്സ്യങ്ങളായ കാളാഞ്ചി, പൂമീന്‍, തിരത എന്നിവയുടെ വിത്തുല്‍പാദനസാങ്കേതികവിദ്യ നേരത്തെ തന്നെ സിബ വികസിപ്പിച്ചിട്ടുണ്ട്.

സിബയുടെ ചെന്നൈയിലെ ഹാച്ചറിയില്‍ ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിച്ച ചെമ്പല്ലി കുഞ്ഞുങ്ങള്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കി സിബ ഗവേഷണ നേട്ടം ഔദ്യോഗികമായി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ കെ ജെന മുഖ്യാതിഥിയായി.

Tags:    

Similar News