പോലിസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള നീക്കത്തിനെതിരേ സിപിഐ

പോലിസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിലൂടെ യുഎപിഎ, കാപ്പ നിയമങ്ങളുടെ ദുരുപയോഗം വ്യാപകമാകുമെന്ന ആശങ്കയും സിപിഐ മുന്നോട്ടുവയ്ക്കുന്നു. മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലൊക്കെ ഈ അധികാരം പോലിസ് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.

Update: 2019-06-11 09:00 GMT

തിരുവനന്തപുരം: പോലിസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള നീക്കത്തിനെതിരേ സിപിഐ. മുന്നണിയിൽ ചർച്ച ചെയ്യാതെ പോലിസ് കമ്മീഷണറേറ്റിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന ഉത്തരവിറക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ നിയമസഭാ കക്ഷി നേതാവും റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ  സിപിഐക്ക് അതൃപ്തിയുണ്ട്.

കലക്ടർമാർക്കുണ്ടായിരുന്ന അധികാരം പോലിസിന് നൽകുമ്പോൾ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് സിപിഐ ചുണ്ടിക്കാട്ടുന്നത്. മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലൊക്കെ ഈ അധികാരം പോലിസ് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നയപരമായ ഈ വിഷയത്തിൽ കൃത്യമായ കൂടിയാലോചനകളില്ലാതെ തീരുമാനമെടുത്താൽ മുന്നണിക്ക് തിരിച്ചടിയാവുമെന്നും സിപിഐ പറയുന്നു. പോലിസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിലൂടെ യുഎപിഎ, കാപ്പ നിയമങ്ങളുടെ ദുരുപയോഗം വ്യാപകമാകുമെന്ന ആശങ്കയും സിപിഐ മുന്നോട്ടുവയ്ക്കുന്നു.

മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം കമ്മീഷണറേറ്റ് സ്ഥാപിച്ചത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ കമ്മീഷണറായി ചുമതലയേൽക്കുകയും ചെയ്തു. കമ്മീഷണറേറ്റ് സ്ഥാപിക്കാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും മജിസ്റ്റീരിയൽ അധികാരം നൽകുന്ന കാര്യത്തിൽ ഉത്തരവിറങ്ങിയിട്ടില്ല.

ഇതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാകാനിരിക്കെയാണ് സിപിഐ എതിർപ്പുമായി രംഗത്തുവന്നത്. എൽഡിഎഫിൽ വിശദമായി ചർച്ച നടത്താതെ തീരുമാനം നടപ്പിലാക്കരുതെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ സിപിഐ ആവശ്യപ്പെടുന്നത്. എന്നാൽ, രാജ്യത്തെ 50 നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരത്തോടെയുള്ള കമ്മീഷണറേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും കുറ്റാന്വേഷണത്തിൽ പോലിസിന്റെ കാര്യക്ഷമതയും നിലവാരവും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് കമ്മീഷണറേറ്റുകൾ സ്ഥാപിക്കുന്നതെന്നുമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്.

Tags:    

Similar News