കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാർ സഹായതുക കൈമാറി

മന്ത്രി കെ ടി ജലീൽ ഇന്നു രാവിലെ 9.30 ബഷീറിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് തുകയുടെ ചെക്ക് കൈമാറിയത്. ബഷീറിന്റെ രണ്ട് മക്കളുടെ പേരിൽ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും മാതാവിന് രണ്ടുലക്ഷം രൂപയുമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

Update: 2019-09-07 11:18 GMT

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായ തുക ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ബന്ധുക്കൾക്ക് കൈമാറി. ഇന്നു രാവിലെ 9.30 ബഷീറിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് തുകയുടെ ചെക്ക് കൈമാറിയത്.

ബഷീറിന്റെ രണ്ട് മക്കളുടെ പേരിൽ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും മാതാവിന് രണ്ടുലക്ഷം രൂപയുമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ബഷീറിന്റെ ഭാര്യ പിതാവ് മുഹമ്മദ് കുട്ടി മന്ത്രിയിൽ നിന്ന് സഹായ തുക ഏറ്റു വാങ്ങി. സർക്കാർ പ്രഖ്യപിച്ചിരുന്ന ബഷീറിന്റെ ജോലി സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ചടങ്ങിൽ മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ, തിരൂർ തഹസിൽദാർ ടി മുരളി, സിറാജ് ദിനപത്രം കൺവീനർ, ഡയറക്ടർ എ സൈഫുദ്ദീൻ ഹാജി, സിദ്ദീഖ് സഖാഫി നേമം, സിയാദ് കളിയിക്കാവിള, ബഷീറിന്റെ സഹോദരങ്ങളായ അബ്ദുർറഹ്മാൻ, അബ്ദുൽ ഖാദർ, ഉമർ, ഭാര്യാ സഹോദരൻ താജുദ്ദീൻ ഇരിങ്ങാവൂർ പഞ്ചായത്തംഗം അബ്ദുൽ ഗഫൂർ സംബന്ധിച്ചു.

Tags:    

Similar News