കര്‍ഷകന് അറിയേണ്ടതെല്ലാം ഇനി വിരല്‍തുമ്പില്‍; 'കര്‍ഷകമിത്ര' ആപ്പുമായി ഗവ.എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

റീബൂട്ട് കേരള ഹാക്കത്തോണില്‍ ഫസ്റ്റ് റണ്ണറപ്പായ ടീമാണ് പുതിയ ആശയത്തിന് പിന്നില്‍. കര്‍ഷകര്‍ അറിയേണ്ട പ്രധാനപ്പെട്ട സര്‍ക്കാര്‍ പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും ഈ ആപ്പിലൂടെ അറിയാന്‍ കഴിയും.

Update: 2020-03-01 14:44 GMT

മാള (തൃശൂര്‍): കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് അറിയാന്‍ 'കര്‍ഷകമിത്ര ആപ്പ'് എന്ന ആശയവുമായി തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. റീബൂട്ട് കേരള ഹാക്കത്തോണില്‍ ഫസ്റ്റ് റണ്ണറപ്പായ ടീമാണ് പുതിയ ആശയത്തിന് പിന്നില്‍. കര്‍ഷകര്‍ അറിയേണ്ട പ്രധാനപ്പെട്ട സര്‍ക്കാര്‍ പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും ഈ ആപ്പിലൂടെ അറിയാന്‍ കഴിയും. അപേക്ഷിക്കുന്ന സഹായ പദ്ധതിയുടെ നിലവിലുള്ള വിവരങ്ങളും അറിയാം. എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്, എന്നുവരെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്.

മലയാളത്തില്‍ ഉപയോഗിക്കാമെന്നതാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പുമായി ബന്ധപ്പെട്ട മറ്റ് എല്ലാ സേവനങ്ങളും കര്‍ഷകന് ലഭിക്കും. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം മെസ്സേജ് രൂപത്തില്‍ ഫോണിലെത്തും. കാലാവസ്ഥാ മുന്നറിയിപ്പ്, വിപണി നിലവാരം എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. കൃഷി ഉദ്യോഗസ്ഥര്‍ക്ക് അഡ്മിന്‍ പോര്‍ട്ടല്‍ സംവിധാനത്തിലും ആപ്പിനെ ഉപയോഗിക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും കര്‍ഷകമിത്ര ആപ്പ് സഹായിക്കും.

ഗവ.എന്‍ജിനീയറിങ് കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ അജയ് ജയിംസിന്റെ മേല്‍നോട്ടത്തില്‍ ആറുപേരടങ്ങുന്ന ടീമാണ് എല്ലാ കര്‍ഷകസേവനങ്ങളും വിരല്‍തുമ്പിലാക്കി കര്‍ഷകമിത്ര ആപ്പ് വികസിപ്പിച്ചത്. നെറ്റില്ലെങ്കിലും ആപ്പിലൂടെ വിവരങ്ങള്‍ അറിയാമെന്നത് ഉടന്‍ പൂര്‍ണതോതില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാവുന്ന ആപ്പിന്റെ പ്രത്യേകതയാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

Tags:    

Similar News