മാര്‍ച്ചില്‍ വിരമിക്കുന്നവര്‍ വിരമിക്കല്‍ തിയ്യതിക്ക് മുമ്പ് ഓഫിസില്‍ ഹാജരാവേണ്ടതില്ലെന്ന് സര്‍ക്കാര്‍

ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇത്തരക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് ഇവര്‍ മാര്‍ച്ച് 31ന് ഓഫിസില്‍ ഹാജരുള്ളതായി കണക്കാക്കും.

Update: 2020-03-31 14:45 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും മാര്‍ച്ച് 31ന് വിരമിക്കുന്ന ജീവനക്കാര്‍ വിരമിക്കല്‍ തിയ്യതിക്ക് മുമ്പ് ഓഫിസില്‍ ഹാജരാവേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവായി. ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇത്തരക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് ഇവര്‍ മാര്‍ച്ച് 31ന് ഓഫിസില്‍ ഹാജരുള്ളതായി കണക്കാക്കും.

വിരമിക്കുന്ന വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊട്ടടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല താല്‍ക്കാലികമായി കൈമാറണം. ഇത്തരത്തില്‍ ചുമതല ഏറ്റെടുക്കുന്നതിനായും ഓഫിസില്‍ എത്തേണ്ടതില്ല. ഇവരും അടിയന്തര സാഹചര്യത്തില്‍ മാത്രം ഓഫിസിലെത്തിയാല്‍ മതി. കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ താല്‍ക്കാലിക ക്രമീകരണം. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ധനകാര്യവകുപ്പ് പുറത്തിറക്കും. 

Tags: