കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: ജംഇയ്യത്തുല്‍ ഉലമാ

കേന്ദ്രസര്‍ക്കാര്‍ ധൃതിയോടെ പാസാക്കിയ മൂന്നുകാര്‍ഷിക ബില്ലുകള്‍ രാജ്യത്തെങ്ങുമുള്ള കര്‍ഷക സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കയാല്‍ അതിനെതിരായ പ്രതിഷേധവും പ്രക്ഷോഭങ്ങളും നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.

Update: 2020-12-01 13:44 GMT

മലപ്പുറം: നിരവധി അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടന്നെ പൊതു അഭിപ്രായം മാനിച്ച് കര്‍ഷകസംഘടനകളുമായി ചര്‍ച്ച നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ആശങ്കകള്‍ ദൂരീകരിക്കാനും ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നു കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ഒരു പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ ധൃതിയോടെ പാസാക്കിയ മൂന്നുകാര്‍ഷിക ബില്ലുകള്‍ രാജ്യത്തെങ്ങുമുള്ള കര്‍ഷക സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കയാല്‍ അതിനെതിരായ പ്രതിഷേധവും പ്രക്ഷോഭങ്ങളും നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.

തലസ്ഥാന നഗരിയിലേക്കു നിയന്ത്രണങ്ങള്‍ ഭേദിച്ചുമാര്‍ച്ചുചെയ്യുന്ന കര്‍ഷകസമൂഹം സംസ്ഥാനങ്ങളിലും പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കുമെന്നു പ്രഖ്യാപിച്ചിരിക്കയാണ്. പാര്‍ലമെന്റിലോ സെലക്ടുകമ്മിറ്റികളിലോ കാര്യമായ ചര്‍ച്ചയില്ലാതെ പാസ്സാക്കിയതാണ്. മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ദര്‍സുകള്‍, പരിമിത വിദ്യാര്‍ഥികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് താമസിക്കാനും പഠിക്കാനും സൗകര്യമുള്ള അറബിക് കോളജുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനോടും മുശാവറ അഭ്യര്‍ഥിച്ചു.

കിടങ്ങഴി അബ്ദുറഹിം മൗലവി അധ്യക്ഷത വഹിച്ച മുശാവറ സീനിയര്‍ സെക്രട്ടറി ചെറുകര അസ്ഗര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. നിര്യാതരായ വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ക്കുപകരം യഥാക്രമം എം സുലൈമാന്‍ മുസ്ലിയാരെയും കെ എ സമദ് മൗലവിയെയും മുശാവറ മെംബര്‍മാരായി. എന്‍ എം മുഹമ്മദ് നൂറാനി മാലവി, കെ കെ മുഹമ്മദ് വഹബി ബത്തേരി, അബ്ദുറഹ്‌മാന്‍ ബാവവി പുകയൂര്‍, കെ.യു. ഇസ് ഹാഖ് മൗലവി ചാലപ്രം എന്നിവരേയും തിരഞ്ഞെടുത്തു.

2021 മാര്‍ച്ചില്‍ കേരള മജ്ലിസുല്‍ ഉലമാ സംഗമം നടത്താനും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അവതരിപ്പിച്ച ചര്‍ച്ചയില്‍ കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, നാദാപുരം ഖാളി മേനക്കോത്ത് അഹ്‌മദ് മുസ്‌ല്യാര്‍, പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, മുഴക്കുന്ന് അബ്ദുസ്സലാം മുസ്‌ല്യാര്‍, യു അലി മുസ്‌ല്യാര്‍, ഉസ്മാന്‍ ബാഖവി തഹ്താനി, എ എന്‍ സിറാജുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News