സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഉന്നതവിദ്യാഭ്യാസം സമൂലം മാറ്റാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

യൂനിവേഴ്‌സിറ്റി കലാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മികവിന്റെ കേന്ദ്രമായി മാറും. ഇത് ദേശീയ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലേക്ക് ഉയരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ കോഴ്‌സുകള്‍ ആരംഭിക്കും

Update: 2021-02-18 12:11 GMT

കൊച്ചി: സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സെക്കന്‍ഡറി തലം വരെ മാത്രമല്ല ഉന്നതവിദ്യാഭ്യാസം സമൂലം മാറ്റാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങള്‍, ആധുനിക ലാബുകള്‍, പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

യൂനിവേഴ്‌സിറ്റി കലാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മികവിന്റെ കേന്ദ്രമായി മാറും. ഇത് ദേശീയ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലേക്ക് ഉയരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ കോഴ്‌സുകള്‍ ആരംഭിക്കും. കേരളത്തിലെ പുറത്തുപോയി പഠിക്കുന്നതിനു പകരം കേരളത്തില്‍ തന്നെ അതിനുവേണ്ട അന്തരീക്ഷം സൃഷ്ടിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി ആയി എത്തിച്ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ഒരു ഹബ് ആക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്.പ്രാദേശികമായ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തിയാല്‍ മാത്രമേ നമുക്ക് മുന്നേറാന്‍ ആകൂ. ഇതിനുവേണ്ട അടിത്തറ സ്‌കൂള്‍ തലത്തില്‍ തന്നെ സൃഷ്ടിക്കണം. അതിനുള്ള ശ്രമവുമായി ഇനിയും മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോള്‍ അതിന്റെ മാറ്റം ഓരോ പ്രദേശത്തും പ്രകടമാണ്. മികച്ച അധ്യായമാണ് വിദ്യാലയങ്ങളില്‍ നടക്കുന്നത്. ലോകോത്തര നിലവാരത്തില്‍ വിദ്യാലയങ്ങളെ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പ്രാദേശിക അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ അതിന്റെ ഗുണഫലം ലഭിക്കുന്നത് സംസ്ഥാനത്തെ പിന്നണിയില്‍ നില്‍ക്കുന്ന കുടുംബങ്ങള്‍ക്കാണ്. അവരുടെ ആശ്രയമാണ് പൊതുവിദ്യാലയങ്ങള്‍. ലോകത്തിലെ മികവുപുലര്‍ത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് കിടപിടിക്കുന്ന രീതിയിലാണ് നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ഉയരുന്നത്. ഈ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ മികവുറ്റതാക്കുന്നു. പ്രതീക്ഷിക്കാത്ത തലമുറയാണ് വരാന്‍ പോകുന്നത്. ഇതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പ്രധാനഘടകം. എല്ലാവര്‍ക്കും തുല്യമായ വിദ്യാഭ്യാസമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 680000 കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളില്‍ പഠിക്കാന്‍ എത്തിയത്. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ അല്ല അത് ഏറ്റെടുത്തു മികവുറ്റതാക്കുന്നതാണ് സര്‍ക്കാര്‍ നയം. പൂട്ടാന്‍ കിടന്ന നാല് വിദ്യാലയങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രങ്ങള്‍ ആകിയത്. കിഫ്ബി വഴി 5000 കോടി രൂപ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിലവഴിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ട് വഴി വേറെയും.സംസ്ഥാനത്ത് ആകെ കിഫ്ബി ഫണ്ട് വഴി ഭൗതിക സൗകര്യ വികസനത്തിനായി ആയി 973 വിദ്യാലയങ്ങളില്‍ 2309 കോടിയുടെ വികസനവും പ്ലാന്‍ ഫണ്ട് വഴി 1172 വിദ്യാലയങ്ങളില്‍ 1375 കോടിയുടെ വികസനവും കൂടാതെ നബാര്‍ഡ് സമഗ്രശിക്ഷാ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ആസ്തി വികസന ഫണ്ട് എന്നിവയും പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒന്നുമുതല്‍ എട്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂനിഫോം, കൃത്യസമയത്ത് പാഠപുസ്തകം എന്നിവയെല്ലാം എല്ലാം കൃത്യമായി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ് എന്ന ലക്ഷ്യമാണ് ഇവിടെ പൂര്‍ത്തീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്,ഇ പി ജയരാജന്‍,ഇ ചന്ദ്രശേഖരന്‍,ജി സുധാകരന്‍, കെ കെ ശൈലജ,കടകംപള്ളി സുരേന്ദ്രന്‍, എംഎം മണി, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News