സ്വര്‍ണക്കടത്ത്,വിദേശ കറന്‍സി കടത്ത്: സ്വപ്‌നയും സരിത്തും മൂന്നു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കറെ ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തു

സ്വപ്‌നയെയും സരിത്തിനെയും ഈ മാസം മൂന്നിന് തിരികെ കോടതിയില്‍ ഹാജരാക്കണം. ശിവശങ്കറെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.

Update: 2020-11-30 15:53 GMT

കൊച്ചി: വിദേശത്തേക്ക് വിദേശ കറന്‍സി കടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിതിനെയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ഈമാസം മൂന്നിന് ഉച്ചക്ക് 1.30 ന് മുമ്പായി തിരികെ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്്. ആവശ്യമെങ്കില്‍ വൈദ്യ സഹായം ഉറപ്പ് വരുത്തണമെന്നും ശാരീരിക മാനസിക പീഡനമേല്‍പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ മതിയായ ഇടവേള നല്‍കണം, കസ്റ്റംസ് സൂപ്രണ്ടിന്റെ റാങ്കില്‍ കുറയാത്ത വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തില്‍ മാത്രമേ സ്വപ്നയെ ചോദ്യം ചെയ്യാവൂ. അടുത്ത ബന്ധുക്കളുമായി സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത ശിവശങ്കറെ കോടതി ഒരു ദിവസത്തേക്ക് എറണാകുളം സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിടണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കസ്റ്റംസിന്റെ അപേക്ഷ നാളെ പരിഗണിക്കാനായി കോടതി മാറ്റി. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കസ്റ്റംസ് സ്വപ്‌നയെയും സരിത്തിനെയും അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെ വിദേശ കറന്‍സി കടത്തിലും ഇരുവരെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതില്‍ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ 25 ന് കോടതി അഞ്ചു ദിവസത്തേക്ക് ഇരുവരെയും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.

ഇക്കാലയളവില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ച സാഹചര്യത്തില്‍ ഇവയില്‍ കൂടതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനായി ഏഴു ദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കണമെന്ന് കസ്റ്റംസ് കോടതിയോടെ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ വീണ്ടും ഇവരെ കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. ഇതുവരെ നിരവധി ഏജന്‍സികള്‍ പല തവണ ഇരുവരെയും ചോദ്യം ചെയ്ത് സമഗ്ര മൊഴി രേഖപ്പെടുത്തിയതാണ്. ഇതിനെക്കാള്‍ കൂടുതലൊന്നും പറയാനില്ല. അതുകൊണ്ട് തന്നെ ഏഴ് ദിവസത്തെ കസ്റ്റഡി അനാവശ്യമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ച് മൂന്നു ദിവസത്തെ കൂടി കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു.

Tags:    

Similar News