സ്വര്‍ണക്കടത്ത്: മൂന്നു മാസം കൂടുമ്പോള്‍ കസ്റ്റംസ് അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കോടതി; ശിവശങ്കറെ ഏഴു ദിവസം കൂടി കസറ്റഡിയില്‍ വിട്ടു

മൊഴി ചോര്‍ന്നതിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കി.ഹരജിക്കാരിയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.ശിവശങ്കറില്‍ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി നീരീക്ഷിച്ചു

Update: 2020-12-01 10:33 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മൂന്നു മാസം കൂടുമ്പോള്‍ കേസിന്റെ അന്വേഷണ പുരോഗതി സമര്‍പ്പിക്കണമെന്ന് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.മൊഴി ചോര്‍ന്നതിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് കോടതിയുടെ നടപടി. ഹരജിക്കാരിയുടെ മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.ഇതില്‍ താമസം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത ഇത്തരം കാര്യങ്ങളില്‍ പുലര്‍ത്തണെന്നും കോടതി നിര്‍ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസിന്റെ ആവശ്യം കോടതി അനുവദിച്ചു.ഈ മാസം ഏഴാം തിയതിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.ശിവശങ്കറില്‍ ആരോപിക്കപ്പെടുന്ന കുറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി നീരീക്ഷിച്ചു.ശിവശങ്കര്‍ മൂന്നു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഒരു മൊബൈല്‍ ഫോണിനെക്കുറിച്ച് മാത്രമാണ് ശിവശങ്കര്‍ വെളിപ്പെടുത്തിയിരുന്നുള്ളുവെന്നുമാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.ശിവശങ്കര്‍ മറച്ചു വെച്ചിരുന്ന രണ്ടു ഫോണില്‍ ഒരെണ്ണം കണ്ടെത്തുകയും ഇതിലെ ഡേറ്റ വീണ്ടെടുക്കുകയും ചെയ്തതായി അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

മൂന്നാമത്തെ ഫോണ്‍ കണ്ടെത്തണമെന്നും അതിനാല്‍ ശിവശങ്കറെ കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.ഈ സാഹചര്യത്തില്‍ ഈ മാസം ഏഴിന് രാവിലെ 11 വരെ ശിവശങ്കറെ കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി.കസ്റ്റഡി കാലയളവില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.കസ്റ്റഡി കാലയളവില്‍ ആവശ്യം വന്നാല്‍ പ്രതിക്ക് ആയുര്‍വേദ ചികില്‍സയക്കുള്ള സൗകര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കണം.പകല്‍ സമയത്ത് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം.രാത്രിയില്‍ ഉറക്കം തടസപ്പെടുത്തുന്ന വിധത്തില്‍ ചോദ്യം ചെയ്യല്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.അടുത്ത ബന്ധുക്കളെ കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Tags: