സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം അഡ്വ.ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സിബിഐ എഫ്‌ഐആര്‍. സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്‌സ്‌റേ പോയിന്റില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

Update: 2019-07-03 08:08 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്റെ തിരുവനന്തപുരം പിടിപി നഗറിലുള്ള വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. പ്രതികളായ അഡ്വ.ബിജു, വിഷ്ണു സോമസുന്ദരം എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. വിഷ്ണുവിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ലധികം വിദേശ മദ്യക്കുപ്പികളും സിബിഐ കണ്ടെത്തി. മദ്യക്കുപ്പികള്‍ എക്സൈസിനു കൈമാറിയിട്ടുണ്ട്. എഎസ്പി ടി വി ജോയിയുടെ നേതൃത്വത്തില്‍ കൊച്ചി യൂനിറ്റാണ് റെയ്ഡ് നടത്തുന്നത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം അഡ്വ.ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സിബിഐ എഫ്‌ഐആര്‍. സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്‌സ്‌റേ പോയിന്റില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ജ്വല്ലറി ഉടമകളായ അബ്ദുല്‍ ഹക്കിം, മുഹമ്മദലി, കടത്തിനു ദുബായില്‍ സഹായം നല്‍കിയ ജിത്തു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

Tags:    

Similar News