സ്വർണം പിടിച്ചപ്പോൾ സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി സൂചന

കെഎസ്ആർടിസി ബസുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള കരാർ സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിനു നൽകുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വാഗ്ദാനം നൽകിയിരുന്നതായും സൂചനയുണ്ട്.

Update: 2020-07-16 05:15 GMT

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് സ്വർണം പിടിച്ച ദിവസം രണ്ടാം പ്രതിയായ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ ഉണ്ടായിരുന്നതായി സൂചന. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഇക്കാര്യം ബോധ്യമായത്. ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന ഫ്ളാറ്റിന്റെ ടവർ പരിധിയിൽ സ്വപ്നയുണ്ടായിരുന്നു എന്നാണ് ഫോൺ രേഖകൾ സൂചിപ്പിക്കുന്നത്. അതേസമയം, മറ്റ് പ്രതികളായ സന്ദീപിന്റെയോ സരിത്തിന്റേയോ ഫോൺ രേഖകൾ പുറത്ത് വന്നിട്ടില്ല.

സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ ടവറിലെ ഫ്ളാറ്റിലാണ് സ്വർണ കടത്ത് കേസിലെ ആസൂത്രണം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അഞ്ചാം തീയതി സ്വപ്ന ഫ്ളാറ്റിൽ  ഉണ്ടായിരുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചക്ക് 12.20 വരെ സ്വപ്ന ഫ്ളാറ്റിന് സമീപത്തെ ടവർ പരിധിയിലുണ്ടായിരുന്നു. പ്രതികൾക്ക് സെക്രട്ടേറിയറ്റിനു സമീപം ഫ്ളാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചത് എം ശിവശങ്കറാണെന്ന വിവരവും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഉപയോഗിച്ചാണ് ശിവശങ്കർ ഫ്ലാറ്റ് ബുക്ക് ചെയ്യിച്ചത്. ഇതേ ഫ്ലാറ്റിൽ ആറാംനിലയിലെ എഫ്ആർ.6 എന്ന അപ്പാർട്ട്മെന്റ് ശിവശങ്കർ ഉപയോഗിക്കുന്നുമുണ്ട്. റീബിൽഡ് കേരളയുടെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എതിർവശത്തെ ഹിൽട്ടൺ ഹോട്ടലിൽ ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അതേസമയം, കെഎസ്ആർടിസി ബസുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള കരാർ സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിനു നൽകുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വാഗ്ദാനം നൽകിയിരുന്നതായും സൂചനയുണ്ട്. സ്വപ്നയാണ് സന്ദീപ് നായരെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി. 

Tags:    

Similar News