വിമാനത്തിൽ സ്വർണക്കടത്ത്; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കസ്റ്റഡിയിലുള്ള രണ്ടുപേരും ദുബായിലേക്ക് പോയതും തിരികെ വന്നതും ഒന്നിച്ച് ടിക്കറ്റെടുത്താണ്.
തിരുവനന്തപുരം: ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിലെ സീറ്റിനുള്ളിൽ നിന്ന് രണ്ടു കിലോ സ്വർണം പിടികൂടി. സ്വർണം കണ്ടെത്തിയ സീറ്റിലിരുന്ന വഞ്ചിയൂർ പോലിസ് സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനേയും സഹയാത്രിക പ്രിജി സിമിയേയും ഡിആർഐ ചോദ്യം ചെയ്യുകയാണ്.
ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരിശോധന നടത്തുകയായിരുന്നു. കസ്റ്റഡിയിലുള്ള രണ്ടുപേരും ദുബായിലേക്ക് പോയതും തിരികെ വന്നതും ഒന്നിച്ച് ടിക്കറ്റെടുത്താണ്. വിമാനത്തിലെ മറ്റു യാത്രക്കാരേയും ചോദ്യം ചെയ്യുന്നുണ്ട്. ബന്ധുക്കളെ കാണാൻ ദുബായിൽ പോകുന്നതിനാൽ എസ്ഐ സഫീർ കഴിഞ്ഞ ദിവസങ്ങളിൽ ലീവിലായിരുന്നുവെന്ന വിവരമാണ് ചോദ്യം ചെയ്യലിൽ ലഭിച്ചിരിക്കുന്നത്.