ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം; അക്രമികളുടെ കാര്‍ കണ്ടെത്തി
നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ച രാത്രിയോടെയാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടത്തറ സ്വദേശി ബിജുവില്‍നിന്നാണ് ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഒരുകിലോ 400 ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്.
തിരുവനന്തപുരം: മുക്കോലയ്ക്കല്‍ ശ്രീവരാഹത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ച രാത്രിയോടെയാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടത്തറ സ്വദേശി ബിജുവില്‍നിന്നാണ് ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഒരുകിലോ 400 ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. തൃശൂരില്‍നിന്ന് സ്വര്‍ണം ശേഖരിച്ച് തമിഴ്‌നാട്ടിലെ കുഴിത്തുറയിലുള്ള കടയിലേക്ക് കൊണ്ടുവരികയായിരുന്നു ബിജു. തൃശൂരില്‍നിന്ന് പുലര്‍ച്ചെ ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സപ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ബിജു തമ്പാനൂരില്‍നിന്ന് കാറിലാണ് മുട്ടത്തറ കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു വന്നത്. ശ്രീവരാഹത്ത് വച്ച് എതിര്‍ദിശയില്‍നിന്ന് കാറിലെത്തിയ അക്രമിസംഘം ബിജുവിന്റെ കാര്‍ തടയുകയും ആക്രമിക്കുകയുമായിരുന്നു. ആറോളം വരുന്ന അക്രമിസംഘം ബിജുവിന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് കാറിനുള്ളിലേക്ക് മുളകുപൊടി വിതറി. പരിഭ്രമിച്ചുപോയ ബിജുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ അക്രമിസംഘം സ്വര്‍ണം വച്ചിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.
പ്രദേശത്ത് ആളുകളില്ലാതിരുന്നത് അക്രമികള്‍ക്ക് രക്ഷയായി. പിന്നീട് സ്ഥലത്തെത്തിയ പോലിസ് ബിജുവിനെ ഫോര്‍ട്ട് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് ബിജുവിന്റെ മൊഴിയെടുക്കുകയും ചെയ്തു. അക്രമിസംഘം സഞ്ചരിച്ചിരുന്ന കാറിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കാറിന്റെ നമ്പര്‍ വ്യാജമാണ് പരിശോധനയില്‍ തെളിഞ്ഞതായി പോലിസ് പറഞ്ഞു. സ്വര്‍ണം സൂക്ഷിച്ചിരുന്ന അതേ ബാഗില്‍തന്നെയാണ് ബിജുവിന്റെ മൊബൈല്‍ഫോണുമുണ്ടായിരുന്നത്. ഈ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടക്കുന്നുണ്ട്.
