പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ അറസ്റ്റ്, നാടകമെന്ന് കോൺ​ഗ്രസ്

ഇന്ന് രാവിലെ നടന്ന അറസ്റ്റ് സിപിഎമ്മും പോലിസും നടത്തിയ അഡ്ജസ്റ്റ്മെന്റ് ആണ്. വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ചോദ്യമുന്നയിക്കുമെന്നായപ്പോൾ മറുപടിപറയാൻ വേണ്ടി ഒരു അറസ്റ്റ് നാടകമാണ് ഇന്ന് നടത്തിയത്.

Update: 2022-06-27 13:39 GMT

കണ്ണൂർ: പയ്യന്നൂരിൽ ​ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം നാടകമെന്ന് കോൺ​ഗ്രസ് പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് വി സി നാരായണൻ. നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിക്കുമെന്ന് കണ്ടപ്പോഴാണ് സിപിഎമ്മും പോലിസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റിന്റെ ഭാ​ഗമായാണ് അറസ്റ്റെന്ന് അദ്ദേഹം വിമർശിച്ചു.

ഇന്ന് രാവിലെ നടന്ന അറസ്റ്റ് സിപിഎമ്മും പോലിസും നടത്തിയ അഡ്ജസ്റ്റ്മെന്റ് ആണ്. വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ചോദ്യമുന്നയിക്കുമെന്നായപ്പോൾ മറുപടിപറയാൻ വേണ്ടി ഒരു അറസ്റ്റ് നാടകമാണ് ഇന്ന് നടത്തിയത്. പത്തുപതിനഞ്ച് പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ പതിനാല് ദിവസത്തിന് ശേഷമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാന പ്രതികളെല്ലാം പുറത്തുനിൽക്കുകയാണ്, അവരെ അറസ്റ്റ് ചെയ്താൽ കാപ്പ ചുമത്തേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാപ്പ ചുമത്തേണ്ടി വരുമെന്നതിനാലാണ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്. അത് നടന്നില്ലെങ്കിൽ ശക്തമായ പ്രക്ഷേഭത്തിന് കോൺ​ഗ്രസ് തയാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിൽ വിഭാ​ഗീയത നിലനിൽക്കുന്നതിനാൽ തന്നെ ആക്രമവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും പുറത്തുചാടുന്നുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൃത്യത്തിൽ പങ്കെടുക്കാത്തവരാണെന്ന പ്രചാരണം സിപിഎമ്മിനകത്ത് തന്നെ വ്യാപകമാണ്.

പയ്യന്നൂരിൽ രക്തസാക്ഷി ധനരാജിനു വേണ്ടി ഫണ്ടു പിരിച്ച് തിരിമറി നടത്തിയതടക്കമുള്ള കോടികളുടെ വെട്ടിപ്പിൽ എംഎൽഎയെ വരെ തരംതാഴ്ത്തേണ്ടി വന്ന ഗതികേടിലാണ് സിപിഎം. ഇത്തരം വിഷയങ്ങളെ മറച്ചു വെയ്ക്കാൻ കൂടിയാണ് പയ്യന്നൂരിലും പരിസരങ്ങളിലും സിപിഎം വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടതും ​ഗാന്ധി പ്രതിമ തകർത്തതെന്നും വി ഡി സതീശൻ നേരത്തേ ആരോപണമുന്നയിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് സംഭവത്തിലെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ അറസ്റ്റ്.

Similar News