കൊരട്ടിയില്‍നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ കണ്ടെത്തി

വിദ്യാര്‍ഥികളെ വൈകീട്ട് ചാലക്കുടി റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടതായും പോലിസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തില്‍നിന്നും ഇവരെ കണ്ടെത്തിയത്.

Update: 2019-11-08 03:08 GMT

തൃശൂര്‍: ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍നിന്ന് ഇന്നലെ കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതിക്കാ തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇവരെ നാട്ടുകാര്‍ കണ്ടെത്തിയത്. നാലുപേരും ചേര്‍ന്ന് പുകവലിച്ചത് അധ്യാപകന്‍ കണ്ടിരുന്നു. ഈ വിവരം അധ്യാപകന്‍ വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍പോയി ഒളിച്ചതെന്ന് വിദ്യാര്‍ഥികള്‍ പോലിസിനോട് പറഞ്ഞു. ചാലക്കുടിക്കുസമീപം മേലൂരില്‍ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നാല് ആണ്‍കുട്ടികളെയാണ് കാണാതായത്.

തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ കൊരട്ടി പോലിസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് സ്‌കൂള്‍വിട്ട് ഇവര്‍ നാലുപേരും ഒരുമിച്ച് ഇറങ്ങിയതാണെന്ന് കണ്ടെത്തി. വിദ്യാര്‍ഥികളെ വൈകീട്ട് ചാലക്കുടി റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടതായും പോലിസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്തെ ജാതി തോട്ടത്തില്‍നിന്നും ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ഒരുദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളെയും മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍നിന്നാണ് ആറ് പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം കാണാതായത്.

24 മണിക്കൂറിനുള്ളിലാണ് ആറ് പരാതികള്‍ പോലിസിന് ലഭിച്ചത്. ആറുപേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലിസ് ആദ്യം പരിശോധിച്ചത്. എന്നാല്‍, ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി. പരാതിയില്‍ കേസെടുത്ത പോലിസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി വ്യാപകമായ അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുകയുമായിരുന്നു. 

Tags: