ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍ അന്തരിച്ചു

കേരളാ പോലിസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായും ഫോറന്‍സിക് മെഡിസിന്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Update: 2019-07-03 07:03 GMT

തിരുവനന്തപുരം: പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍(73) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് തിരുവനന്തപുരം കരിക്കകത്തെ വീട്ടില്‍ നടക്കും.

കേരളാ പോലിസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായും ഫോറന്‍സിക് മെഡിസിന്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പോലിസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി കുറ്റാന്വേഷണ പരമ്പരകളുടെ ചുരുളഴിക്കുന്ന ഒട്ടേറെ പുസ്തകങ്ങളും ഡോ ബി ഉമാദത്തന്‍ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും എംഡിയും നേടിയ ഡോ. ഉമാദത്തന്‍ തിരുവനന്തപുരം ആലപ്പുഴ കോട്ടയം തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രഫസറും പോലിസ് സര്‍ജനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍ ആയി. 2001ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഭാര്യ: പത്മകുമാരി. മക്കള്‍: യു രാമനാഥന്‍, യു വിശ്വനാഥന്‍. മരുമക്കള്‍: രൂപ, രോഷിനി.




Tags:    

Similar News