ആരാധനാലയങ്ങളിലെ അന്നദാനത്തിന് ലൈസന്‍സില്ലെങ്കില്‍ തടവും പിഴയും

പ്രസാദം വിതരണം ചെയ്യുന്ന ക്ഷേത്രങ്ങള്‍, നേര്‍ച്ച വിരുന്ന് നടത്തുന്ന മസ്ജിദുകള്‍, കുര്‍ബാന അപ്പം നല്‍കുന്ന ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയവയെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം

Update: 2019-01-17 09:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗക്കാരുടെയും ആരാധനാലയങ്ങളില്‍ നടക്കുന്ന അന്നദാനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണമെന്ന നിയമമാണ് കര്‍ശനമാക്കുന്നത്. ലൈസന്‍സില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നത് ആറുമാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് എടുക്കാതെ ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിച്ചുണ്ട്. ആരാധനാലയങ്ങളോട് അനുബന്ധിച്ച് ഭക്ഷണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രസാദം വിതരണം ചെയ്യുന്ന ക്ഷേത്രങ്ങള്‍, നേര്‍ച്ച വിരുന്ന് നടത്തുന്ന മസ്ജിദുകള്‍, കുര്‍ബാന അപ്പം നല്‍കുന്ന ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയവയെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കാതെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ആരാധനാലയങ്ങളില്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന ഇടങ്ങളിലും സ്‌റ്റോര്‍ റൂമുകളിലും വൃത്തിയും ശുചിത്വവും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.





Tags:    

Similar News