സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: 342 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രാനുമതി

സംസ്ഥാന സർക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ ഷാജഹാനാണ് 342 കോടി രൂപയുടെ പ്രൊപ്പോസൽ കേന്ദ്രസർക്കാരിന് മുമ്പിൽ അവതരിപ്പിച്ചത്. ഇതിൽ 219 കോടി കേന്ദ്രവിഹിതമാണ്.

Update: 2019-05-17 01:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾക്കായി നടപ്പുവർഷം 342 കോടി രൂപയുടെ പദ്ധതിക്ക് ഡൽഹിയിൽ ചേർന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219 കോടി രൂപ കേന്ദ്രവിഹിതമാണ്. സംസ്ഥാന സർക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ ഷാജഹാനാണ് 342 കോടി രൂപയുടെ പ്രൊപ്പോസൽ കേന്ദ്രസർക്കാരിന് മുമ്പിൽ അവതരിപ്പിച്ചത്.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നിർവഹണത്തിൽ മികച്ച പ്രവർത്തനമാണ് കേരളത്തിന്റേതെന്ന് യോഗം വിലയിരുത്തി. 2018-19 വർഷം കേന്ദ്രവിഹിതം കൃത്യമായി സർക്കാരിന് സമർപ്പിക്കുന്നതിലും സംസ്ഥാനം കാണിച്ച ശുഷ്‌കാന്തിയെ യോഗം അഭിനന്ദിച്ചു. കൃഷിവകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്‌കൂൾ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി, ഭക്ഷണസാമ്പിളുകളുടെ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മുഖാന്തരം പാചകത്തൊഴിലാളികൾക്ക് നൽകുന്ന പരിശീലനം എന്നിവയ്ക്ക് യോഗത്തിന്റെ പ്രത്യേക പ്രശംസ ലഭിച്ചു.

ഉച്ചഭക്ഷണ പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ ഓണറേറിയം എന്നീയിനങ്ങളിൽ കേന്ദ്രം നിർദേശിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയേയും യോഗം അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിച്ച് അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്‌കൂളുകൾക്കും 5000 രൂപ വീതം അനുവദിച്ചു. കൂടാതെ 1285 സ്‌കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിന് സ്‌കൂൾ ഒന്നിന് 10,000 രൂപ വീതവും അനുവദിച്ചു. 3031 സ്‌കൂളുകളിൽ ഇക്കൊല്ലം പാചകപ്പുര നിർമാണം പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു.

ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഓണറേറിയം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുകൂല തിരുമാനം ഉണ്ടായില്ല. 

Tags:    

Similar News