പ്രളയസെസ് ഉടനില്ല; തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് സൂചന

ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധന നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു.

Update: 2019-02-06 11:14 GMT

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം പ്രളയസെസ് ഉടനില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സെസ് ഏപ്രില്‍ മുതല്‍ നടപ്പാക്കില്ല. വിജ്ഞാപനം നിലവില്‍ വരുന്ന ദിവസം മുതല്‍ക്കെ പ്രളയസെസ് പ്രാബല്യത്തില്‍ വരുകയുള്ളൂവെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.

പ്രളയം തകര്‍ത്തെറിഞ്ഞ ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു. മൂന്നുവര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കും. എസ്‌സി പ്രമോട്ടര്‍മാരുടെ വേതനം 10000 രൂപയായും എസ്ടി പ്രമോട്ടര്‍മാരുടെ വേതനം 12500 രൂപയുമാക്കി. അങ്കണവാടി ടീച്ചര്‍മാരുടെ ശമ്പളം 12,000 രൂപയാക്കി. ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 4,500 രൂപയാക്കിയിട്ടുണ്ട്. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 50 കോടി അധികം അനുവദിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധന നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. എസ്‌സി വിദ്യാര്‍ത്ഥികളുടെ ലംസം ഗ്രാന്റ് 25 ശതമാനം വര്‍ധിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.


Tags:    

Similar News