'ഞങ്ങടെ ഉറപ്പാണ് പിജെ'; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പി ജയരാജനെ പുകഴ്ത്തി ഫ്‌ളക്‌സ്

Update: 2021-03-23 11:18 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ പി ജയരാജന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്. 'ഞങ്ങടെ ഉറപ്പാണ് പിജെ' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. പോരാളികള്‍ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഒരു വാളിന്റെ ചിത്രവുമുണ്ട്. ബോര്‍ഡില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മറ്റ് മുദ്രാവാക്യങ്ങളോ പാര്‍ട്ടി ചിഹ്നങ്ങളോ ഇല്ല.

ധര്‍മടം നിയോജക മണ്ഡലത്തില്‍പെടുന്ന സിപിഎം ശക്തി കേന്ദ്രമായ ആര്‍വി മൊട്ടയിലെ റോഡരികിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ചുവപ്പ് പശ്ചാത്തലത്തില്‍ പി ജയരാജന്റെ രണ്ട് ഫോട്ടോകളോടു കൂടിയതാണ് ബോര്‍ഡ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയരാജന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പിജെ ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നേതൃത്വത്തെ വിമര്‍ശിച്ചും ജയരാജനെ അനുകൂലിച്ചും പോസ്റ്റുകള്‍ വ്യാപകമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചുള്ള നിലപാടുകള്‍ക്കെതിരേ ഒടുവില്‍ ജയരാജന്‍തന്നെ രംഗത്തെത്തുകയും പി ജെ ആര്‍മിയുമായി തനിക്കോ പാര്‍ട്ടിക്കോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Tags:    

Similar News