ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത സംഭവം: എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റു അനിവാര്യമല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഉത്തരവു മറികടന്ന് സ്ഥാപിച്ച എം ജി സര്‍വകലാശാലാ യുവജനോല്‍സവത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. പ്രതികള്‍ വിദ്യാര്‍ഥികളാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റു ആവശ്യമില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു

Update: 2019-10-16 14:17 GMT

കൊച്ചി: ഹൈക്കോടതി ഉത്തരവു ലംഘിച്ചു സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത കോട്ടയം മുന്‍സിപ്പല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ഉപരോധിക്കുകയും ചെയ്ത എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റു അനിവാര്യമല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഉത്തരവു മറികടന്ന് സ്ഥാപിച്ച എം ജി സര്‍വകലാശാലാ യുവജനോല്‍സവത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യുഷന്‍ കേസ്.

പ്രതികള്‍ വിദ്യാര്‍ഥികളാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റു ആവശ്യമില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അനുമതിയില്ലാത്ത ഫ്‌ളെക്സ് ബോര്‍ഡുകള്‍ നഗരത്തില്‍ നിന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നീക്കിയത് .ബോര്‍ഡുകള്‍ നീക്കിയതില്‍ ക്ഷുഭിതരായ എസ് എഫ് ഐ നേതാക്കള്‍ ഫെബ്രുവരി 22 ന് രാവിലെ ഒന്‍പതരയോടെ മുനിസിപ്പല്‍ ഓഫീസില്‍ കയറി സെക്രട്ടറി മുഹമ്മദ് ഷാഫിയെ ഉപരോധിക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കിയ തന്നെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പല്‍ സെക്രട്ടറി ഹൈക്കോടതിക്ക് കത്തെഴുതിയതോടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസേടുക്കുകയും പ്രതികള്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദേശിച്ചു .ഇതെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത് 

Tags: