പ്രശസ്ത പണ്ഡിതന്‍ കാഞ്ഞാര്‍ ഇസ്മാഈല്‍ ഖാസിമി അന്തരിച്ചു

Update: 2021-06-20 03:30 GMT

കോഴിക്കോട്: ദക്ഷിണ കേരളത്തിലെ പ്രശസ്ത പണ്ഡിതനും സൂഫീവര്യനും മുദര്‍രിസുമായിരുന്ന ഉസ്താദ് കാഞ്ഞാര്‍ ഇസ്മാഈല്‍ റഷാദി ഖാസിമി (78) അന്തരിച്ചു. ബംഗളൂരു ജാമിഅ: സബീലുര്‍റഷാദ് സ്ഥാപകന്‍ ഹസ്രത്ത് അബുസ്സുഊദ് മൗലാനയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്ന ഇസ്മാഈല്‍ മൗലാന, തമിഴ്‌നാട്ടിലെ നീഡൂര്‍, കാഞ്ഞിരപ്പള്ളി, തളിപ്പറമ്പ്, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏറെക്കാലമായി നെടുമങ്ങാട് കാഷിഫുല്‍ ഉലൂമില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈരാറ്റുപേട്ട നൂറുല്‍ ഹുദാ മദ്രസയിലാണ് അദ്ദേഹം പഠനം തുടങ്ങിയത്. നീണ്ട വര്‍ഷങ്ങള്‍ ഇവിടെ മുതഅല്ലിമായി കഴിഞ്ഞിട്ടുണ്ട്. ഹസ്സന്‍ മൗലാന, മഹ്മൂദ് മൗലാന എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കുടയത്തൂര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Tags:    

Similar News