പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരി വടമണ്‍ ദേവകിയമ്മ അന്തരിച്ചു

Update: 2021-05-26 18:57 GMT

കൊല്ലം: പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരിയും കലാലയ കലാകേന്ദ്രം സ്ഥാപകയുമായിരുന്ന വടമണ്‍ ദേവകിയമ്മ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വന്തം വസതിയിലായിരുന്നു അന്ത്യം. കുട്ടിക്കാലം മുതല്‍ ഓട്ടന്‍ തുള്ളലിനോടുള്ള അഭിനിവേശമാണ് കേരളത്തിലെ അറിയപ്പെടുന്ന കലാകാരിയാക്കി ദേവകിയമ്മയെ വളര്‍ത്തിയത്. തുള്ളല്‍ കലകള്‍ സ്ത്രീകള്‍ക്ക് അന്യമായിരുന്ന കാലത്ത് ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്ന് വിഭാഗം തുള്ളല്‍ കലകളെയും കേരളമാകെ എത്തിക്കുകുന്നതിന് അക്ഷീണം പ്രയത്‌നിച്ച കലാകാരിയാണ് വടമണ്‍ ദേവകിയമ്മ.

വടമണ്‍ സ്‌കൂളില്‍ കലാധ്യാപികയായും ആകാശവാണി, ദൂരദര്‍ശന്‍ എന്നിവടിങ്ങളില്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. നീണ്ട 60 വര്‍ഷത്തെ കലാജീവിതത്തില്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കാല്‍ലക്ഷത്തോളോം വേദികളില്‍ ദേവകിയമ്മ തുള്ളല്‍ അവതരിപ്പിച്ചു. യുവജനോല്‍സവത്തില്‍ കുട്ടികളെ തുള്ളല്‍ അഭ്യസിപ്പിക്കുകയും മല്‍സരങ്ങള്‍ക്ക് വിധികര്‍ത്താവായി പോവുകയും ചെയ്തു. നാടന്‍ കലകളുടെ പോഷണത്തിനാവശ്യമായി മൂന്ന് പതിറ്റാണ്ടുകള്‍ മുമ്പ് വടമണ്‍ കേന്ദ്രമാക്കി കലാലയ കലാകേന്ദ്രം സ്ഥാപിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പ്രതിഭാ പുരസ്‌കാരം (1995) ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാദ്യകലാകാരനും വടമണ്‍ ക്ഷേത്രകാരായ്മയുമായിരുന്ന പരേതനായ എന്‍ വാസുദേവന്‍പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍: വിക്രമന്‍പിള്ള (റിട്ട. ദേവസ്വം ബോര്‍ഡ്), അംബിക, അജിത, കൊച്ചുകൃഷ്ണന്‍, ശശികല. മരുമക്കള്‍: പരേതനായ ആര്‍ രാമചന്ദ്രന്‍പിള്ള, പരേതനായ സി രാമചന്ദ്രന്‍പിള്ള, സനല്‍കുമാര്‍ (ശബരിമല ദേവസം ബോര്‍ഡ്), സതികുമാരി, രജിത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.

Tags: