വ്യാജ രേഖ ചമച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

തൃശൂര്‍ സ്വദേശി റിജോ (35)യ്ക്ക് എതിരെയാണ് കേസെടുത്തത്.ഇന്ന് എത്തിഹാദ് വിമാനത്തില്‍ പോകാനെത്തിയതാണ് ഇയാള്‍. രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പോലിസിന് കൈമാറുകയായിരുന്നു.

Update: 2021-10-27 15:02 GMT

കൊച്ചി: വ്യാജ രേഖ ചമച്ച് ഫ്രാന്‍സിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെതിരെ നെടുമ്പാശേരി പോലിസ് കേസെടുത്തു. തൃശൂര്‍ സ്വദേശി റിജോ (35)യ്ക്ക് എതിരെയാണ് കേസ്. ഇന്ന് എത്തിഹാദ് വിമാനത്തില്‍ പോകാനെത്തിയതാണ് ഇയാള്‍. രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ എമിഗ്രേഷന്‍ വിഭാഗം ഇയാളെ പോലിസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഹാജരാക്കിയ ഓഫറിംഗ് ലെറ്റര്‍ വ്യാജമാണെന്ന് തെളിഞ്ഞതായി പോലിസ് പറഞ്ഞു.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളള റിജോ ബൂസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ലറ്റര്‍ വ്യാജമായി ഉണ്ടാക്കിയാണ് ടൂറിസ്റ്റ് വിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതെന്നും പോലിസ് പറഞ്ഞു.വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായി യുകെ യിലേക്ക് ഉപരിപഠനത്തിന് പോകാന്‍ ശമിച്ച എഴുപേരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.

ഇന്‍സ്‌പെക്ടര്‍ പി എം ബൈജു , സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാജരേഖകള്‍ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും , ഇവരെ സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News