മഴയില്‍ നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി

ആലുവ കുന്നത്തേരി കിടങ്ങയത്ത് ബഷീറി(37)നെയാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി എറണാകുളം എക്‌സൈസ് സംഘം പിടികൂടിയത്

Update: 2019-08-09 09:09 GMT

എറണാകുളം: മഴയില്‍ നനയുമെന്ന് കരുതി കൈയിലുണ്ടായിരുന്ന കഞ്ചാവെല്ലാം പൊടുന്നനെ വിറ്റഴിക്കാന്‍ ശ്രമിച്ചയാളെ എക്‌സൈസ് സംഘം പിടികൂടി. മീന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ആലുവ കുന്നത്തേരി കിടങ്ങയത്ത് ബഷീറി(37)നെയാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി എറണാകുളം എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാരിയര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു. മഹീന്ദ്ര ആല്‍ഫ കാരിയര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു. കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. സാധാരണയായി വീട്ടിലോ വാടക വീട്ടിലോ സൂക്ഷിക്കാതെ ആളൊഴിഞ്ഞ പറമ്പുകളില്‍ കുഴിച്ചിട്ടാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആവശ്യക്കാരെ അനുസരിച്ച് 500, 1000 രൂപയുടെ ചെറു പൊതികളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.

    


എന്നാല്‍ മഴ കനത്തതോടെ ഇത്തരത്തില്‍ കഞ്ചാവ് സൂക്ഷിച്ചാല്‍ നനഞ്ഞ് നശിക്കുമെന്നതിനാലും മഴയത്ത് കാര്യമായി കച്ചവടം നടക്കാതെയും വന്നതോടെ എങ്ങനെയെങ്കിലും കൈവശ മുള്ള മുഴുവന്‍ കഞ്ചാവും വില്‍പ്പന നടത്താന്‍ പലരെയും സമീപിക്കുകയായിരുന്നു. ഇത്തരത്തില്‍ സമീപിച്ചവരിലൊരാള്‍ എറണാകുളം എക്‌സൈസ് സ്‌ക്വാഡ് സിഐ ബി സുരേഷിന്റെ നാര്‍ക്കോട്ടിക് ടോപ് സീക്രട്ട് ഗ്രൂപ്പഅംഗത്തിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഉപഭോക്താവ് എന്ന നിലയില്‍ സ്‌ക്വാഡംഗം വേഷപ്രച്ഛന്നനായി സമീപിച്ച് ഡീല്‍ ഉറപ്പിച്ച ശേഷം എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം വിളിച്ചുവരുത്തിയാണ് പിടികൂടിയത്. യുവാക്കള്‍ക്കും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും കാക്കനാട് തേവയ്ക്കലിലുള്ള വാടക വീട് കേന്ദ്രികരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസര്‍ കെ ആര്‍ പ്രസാദ്, സിഇഒമാരായ എം അരുണ്‍കുമാര്‍, രാകേഷ്, വിപിന്‍ദാസ്, സിദ്ധാര്‍ത്ഥന്‍, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Tags:    

Similar News