ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്; സനുമോഹന്‍ ഒളിവില്‍ പോയ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു

ഡിഎന്‍എ പരിശോധന റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സംബന്ധിച്ച് നേരത്തെ ദുരൂഹത നിലനില്‍ക്കുകയായിരുന്നു.ഫ്‌ളാറ്റില്‍ വെച്ച് വൈഗയെ ശ്വാസമുട്ടിച്ച് കൊലപ്പടുത്തിയതിനിടയില്‍ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വന്ന രക്തമാകാമിതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍

Update: 2021-04-22 07:13 GMT

കൊച്ചി:പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പിതാവ് സനുമോഹന്റെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന റിപോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ സംബന്ധിച്ച് നേരത്തെ ദുരൂഹത നിലനില്‍ക്കുകയായിരുന്നു.ഈ രക്തക്കറ ആരൂടേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നായിരുന്നു നേരത്തെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞിരുന്നത്.ഇതിലാണ് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.വൈഗയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഇല്ലാതിരുന്നതിനാലാണ് ഈ രക്തക്കറ സംബന്ധിച്ച് ദൂരൂഹതയുണ്ടായത്.ഫ്‌ളാറ്റില്‍ വെച്ച് വൈഗയെ ശ്വാസമുട്ടിച്ച് കൊലപ്പടുത്തിയതിനിടയില്‍ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വന്ന രക്തമാകാമിതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

കൊലപാതകത്തിനുശേഷം സനു മോഹന്‍ ഒളിവില്‍ പോയ കാറും പോലിസ് കണ്ടെടുത്തു. കോയമ്പത്തൂരില്‍ നിന്നുമാണ് പോലിസ് സംഘം കാര്‍ കണ്ടെടുത്തത്.സനുമോഹനെയും കൊണ്ടുപോയാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.കോയമ്പത്തൂരില്‍ കാര്‍ വില്‍പന നടത്തുകയായിരുന്നു സനുമോഹന്‍.മൂന്നര ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍ ഉറപ്പിച്ചിരുന്നത്.50,000 രൂപ അഡ്വന്‍സ് വാങ്ങി ബാക്കി തുക മുഴുവന്‍ രേഖകളും നല്‍കിയതിനു ശേഷം കൈമാറാമെന്നായിരുന്നു കരാര്‍.വൈഗയുടെ സ്വര്‍ണ്ണവും വിറ്റ സ്ഥാപനത്തിലും സനുമോഹനെയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.കര്‍ണ്ണാടക,ഗോവ എന്നിവടങ്ങളിലും ഇന്ന് സനുമോഹനെയുമായി തെളിവെടുപ്പ് നടത്തും. ഇതിനുശേഷം കൊല്ലൂര്‍ മൂകാംബിയില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ ലോഡ്ജ്,കര്‍വാറിലെ ബീച്ച് എന്നിവടങ്ങളിലും തെളിവെടുപ്പ്് നടത്തിയതിനു ശേഷം തിരികെ കൊച്ചിയില്‍ എത്തിക്കും. ഇതിനു ശേഷം ഇയാളുടെ ഭാര്യയെയും വിളിച്ചുവരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

വൈഗയുടെ കൊലപാതകത്തിനു ശേഷം ഒളിവളില്‍ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷം വടക്കന്‍ കര്‍ണ്ണാടകയിലെ കാര്‍വാര്‍ ടാഗോര്‍ ബീച്ചില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പിടികൂടിയത്. സ്വകാര്യ ബസ്സില്‍ കൊല്ലൂരില്‍ നിന്ന് ഉഡുപ്പി വഴി കാര്‍വാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ഭയം കാരണം കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.സ്വന്തം ശരീരത്തോട് ചേര്‍ത്ത് വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വൈഗയെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തി. ഇതിനു ശേഷം പുഴയില്‍ ചാടി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഭയം കാരണം കഴിഞ്ഞില്ലെന്നും തുടര്‍ന്ന് അവിടെ നിന്നും പോകുകയുമായിരുന്നുവെന്ന് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.

Tags:    

Similar News