തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും :സിസിടിവി ദൃശ്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമരം

പണം നല്‍കുന്ന ദൃശ്യം സി സി ടി വിയില്‍ ഉണ്ടെന്നും അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം. നഗരസഭയിലെ സി സി ടി വിയ്ക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കൗണ്‍സിലര്‍മാര്‍ സമരം നടത്തിയത്

Update: 2021-08-24 05:42 GMT

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന സംഭവത്തില്‍ നഗരസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കു മുന്നില്‍ സമരം നടത്തി.പണം നല്‍കുന്ന ദൃശ്യം സി സി ടി വിയില്‍ ഉണ്ടെന്നും അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം. നഗരസഭയിലെ സി സി ടി വിയ്ക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കൗണ്‍സിലര്‍മാര്‍ സമരം നടത്തിയത്.നഗര സഭ അധ്യക്ഷ അജിത തങ്കപ്പന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു സമരം.

പണം നല്‍കിയെന്ന സംഭവത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പരാതിയില്‍ വിജിലന്‍സ് കൊച്ചി യൂനിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നാണ് അറിയുന്നത്.ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാരുടെ പരാതിയില്‍ എറണാകുളം ഡിസിസി നിയോഗിച്ച പാര്‍ട്ടി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും.ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍,ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ എന്നിവരുള്‍പ്പെടെയുള്ളവരില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റില്‍ നിന്നും റിപോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കമ്മീഷനെ നിയോഗിച്ചത്.

കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയര്‍ പേഴ്‌സണന്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നാണ് പറയുന്നത്.അംഗങ്ങളെ ഒരോരുത്തരയെും ക്യാബിനില്‍ വിളിച്ചു വരുത്തിയാണ് ഓണക്കോടിയും കവറും നല്‍കിയതെന്നാണ് ആരോപണം. 43 കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ ഉള്ളത്.സംഭവം വിവാദമായതോടെ മിക്ക കൗണ്‍സിലര്‍മാരും പണം തിരികെ ഏല്‍പ്പിച്ചുവെന്നും പറയുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തൃക്കാക്കര നഗരസഭയില്‍ ഭരണം നടത്തുന്നത്.പണം നല്‍കിയെന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. 43 അംഗങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമ്പോള്‍ 4,30,000 രൂപ വേണം. ഈ പണം എവിടെ നിന്നും കിട്ടിയെന്ന് അന്വേഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടുന്നത്.അതേ സമയം ഓണക്കോടിയ്‌ക്കൊപ്പം പണം നല്‍കിയെന്ന ആരോപണം അജിത തങ്കപ്പന്‍ നിഷേധിച്ചിട്ടുണ്ട്.അനാവശ്യ ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നാണ് അജിത തങ്കപ്പന്‍ പറയുന്നത്.

Tags:    

Similar News