തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി സംബന്ധിച്ച് നാളെ അന്തിമ തീരുമാനം: പ്രതിപക്ഷ നേതാവ്

സ്ഥാനാര്‍ഥി സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞിരുന്നു.നാളെ തിരുവനന്തപുരത്ത് പ്രധാന നേതാക്കളുമായി അന്തിമ ചര്‍ച്ച നടത്തി തീരുമാനിക്കും.ഡല്‍ഹിയില്‍ പോകാതെ എ ഐ സി സിയുടെ യും യുഡിഎഫ് ഘടക കക്ഷികളുടെ അനുവാദത്തോടെയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും

Update: 2022-05-02 14:41 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് എത്രയും പെട്ടന്ന് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാര്‍ഥി ആരായിരിക്കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞിരുന്നു.ഡല്‍ഹിയില്‍ പോകാതെ എ ഐ സി സിയുടെ യും യുഡിഎഫ് ഘടക കക്ഷികളുടെ അനുവാദത്തോടെയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.സ്ഥാനാര്‍ഥി ആരായിരിക്കണമെന്നത് സംബന്ധിച്ച് നാളെ തിരുവനന്തപുരത്ത് പ്രധാന നേതാക്കളുമായി അന്തിമ ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ തവണ പി ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് വിശ്വാസം.യുഡിഎഫ് തൃക്കാക്കരയില്‍ ഉജ്ജ്വല വിജയം നേടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ വിചാരണ ചെയ്യും.കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ജനങ്ങളുടെ മനസിലുണ്ടാകും.കെ റെയില്‍ കേരളത്തെയാകെ ബാധിക്കുന്ന വിഷയമാണ്.ഗ്രാമവാസികളും നഗരവാസികളും ഒരുപോലെ കെ റെയിലിന് എതിരാണ്.ഇതില്‍ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനൊപ്പമായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണം കൂടാതെ യുഡിഎഫിന് പറയാനുള്ള കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.ആശയപരമായ ചില പൊരുത്തക്കേടുകള്‍ ചില സമയത്തുണ്ടായിരുന്നുവെന്നല്ലാതെ പി ടി തോമസ് ഒരു കാലത്തും ക്രൈസ്തവ വിരുദ്ധനായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങില്‍ ഇടുക്കി ബിഷപ് അടക്കം പങ്കെടുത്തിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ വ്യക്തമാക്കി.കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ചുവടുറിപ്പിക്കാന്‍ കഴിയില്ല. അവര്‍ മുന്നോട്ടുവെയ്ക്കന്നത് അരാഷ്ട്രീയ വാദമാണ്.ഇത് കേരളത്തില്‍ വിലപ്പോകില്ല.കേരളം രാഷ്ട്രീയ ബോധമുള്ള സംസ്ഥാനമാണെന്നും വി ഡി സതീശന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Tags:    

Similar News