വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ മാറ്റത്തിനനുസരിച്ച് അധ്യാപകരും മാറണം : മന്ത്രി വി ശിവന്‍കുട്ടി

പുതിയ അധ്യയന വര്‍ഷത്തില്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടത്തിയേ മതിയാകൂ.അധ്യാപകരുടെയും കുട്ടികളുടെയും ജീവിതനൈപുണികള്‍ അറിഞ്ഞ് വര്‍ധിപ്പിക്കേണ്ടതുണ്ട്. സംയുക്ത പഠനരീതി എന്താണെന്നും എങ്ങനെ വേണമെന്നും ചര്‍ച്ചചെയ്തു തീരുമാനിക്കണം

Update: 2022-04-26 08:43 GMT

കൊച്ചി: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ മാറ്റത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'അധ്യാപകസംഗമം 2022 എസ്ആര്‍ജി ശാക്തീകരണ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2022-23 അധ്യയന വര്‍ഷം ജൂണ്‍ ഒന്നിനാണ് ആരംഭിക്കുന്നത്.വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ മാറ്റത്തിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ട്.

പുതിയ അധ്യയന വര്‍ഷത്തില്‍ അതിനനുസരിച്ചുള്ള കൃത്യമായ ആസൂത്രണങ്ങള്‍ നടത്തിയേ മതിയാകൂ. അധ്യാപകരുടെയും കുട്ടികളുടെയും ജീവിതനൈപുണികള്‍ അറിഞ്ഞ് വര്‍ധിപ്പിക്കേണ്ടതുണ്ട്. സംയുക്ത പഠനരീതി എന്താണെന്നും എങ്ങനെ വേണമെന്നും ചര്‍ച്ചചെയ്തു തീരുമാനിക്കണം. അതോടൊപ്പം വിദ്യാര്‍ഥികളുടെ ആശയങ്ങളും പരിഗണിക്കണം. കൃത്യമായ ആസൂത്രണത്തോടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമേഖലയിലും കൊവിഡിന് മുമ്പുള്ള കാലം, കോവിഡാനന്തര കാലമെന്ന വിഭജനം ആവശ്യമായി വന്നിരിക്കുന്നു.രണ്ടു വര്‍ഷത്തിനു ശേഷമാണ് മുഖാമുഖ അധ്യാപകസംഗമം സംഘടിപ്പിക്കുന്നത്. കൊവിഡ് മഹാമാരി പിടിമുറിക്കിയ അവസരത്തിലും പൊതുവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്കു യാതൊരു പ്രശ്‌നവും ഉണ്ടാകാതെ പഠനാനുഭവങ്ങള്‍ തടസം വരാതെയാണു മുന്നോട്ടു പോയത്. വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കാന്‍ അധ്യാപകര്‍ ഏറ്റെടുത്ത ടിവി ചലഞ്ചും മൊബൈല്‍ ചലഞ്ചും എന്നും പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എറണാകുളം പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു.എസ്‌സിഇആര്‍ടി റിസര്‍ച്ച് ഓഫിസര്‍ ഡി പി അജി പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് ജോസ് പെറ്റ് തെരേസ് ജേക്കബ്, അഡീഷണല്‍ ഡിജിഇ എം കെ ഷൈന്‍ മോന്‍, എറണാകുളം ഡയറ്റ് പ്രിന്‍സിപ്പല്‍ ജി എസ് ദീപ പങ്കെടുത്തു. മൂന്നു ദിവസമാണ് അധ്യാപകസംഗമം.

Tags: