മോഷണം പോയ ലോറികള്‍ തെങ്കാശിയില്‍ കണ്ടെത്തി

കാലടിയിലെ പേയിംഗ് പാര്‍ക്കിംഗ് മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയിലെ വര്‍ക്ക് ഷാപ്പില്‍ പണി കഴിഞ്ഞ് നിര്‍ത്തിയിരുന്ന ലോറിയുമാണ് കളവുപോയത്

Update: 2021-05-22 12:36 GMT

കൊച്ചി: പെരുമ്പാവൂര്‍, കാലടി എന്നിവിടങ്ങളില്‍ നിന്നും മോഷണം പോയ ലോറികള്‍ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാലടിയിലെ പേയിംഗ് പാര്‍ക്കിംഗ് മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയിലെ വര്‍ക്ക് ഷാപ്പില്‍ പണി കഴിഞ്ഞ് നിര്‍ത്തിയിരുന്ന ലോറിയുമാണ് കളവുപോയത്. കാലടിയില്‍ നിന്നും കാണാതായ ലോറി എടപ്പാള്‍ സ്വദേശിയുടേതാണ്. മൈസൂരില്‍ നിന്നും മൈദയുമായി മട്ടാഞ്ചേരിയിലേക്കു വന്ന വാഹനം റിട്ടേണ്‍ ലോഡിനു വേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവര്‍ വീട്ടിലേക്കു പോയപ്പോഴാണ് മോഷണം നടന്നത്.

കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും കളവുപോയത്. വര്‍ക്ക് ഷാപ്പിലെ ഒരാള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുറക്കാറില്ലായിരുന്നു. വണ്ടികള്‍ മോഷണം പോയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രുപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം ചെങ്കോട്ട പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വിജനമായ പ്രദേശത്ത് ആളില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോള്‍, പ്രജിത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Tags: