'പത്രക്കാര്‍ പറയാത്ത കഥയുമായി 'മഹ്ബൂബ്

കൊവിഡ്കാല ഒഴിവ് വേളയിലാണ് എറണാകുളം പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയും ചന്ദിക ദിനപ്പത്രം മുന്‍ ന്യൂസ് എഡിറ്ററുമായ മഹ്ബൂബ് , പത്രക്കാര്‍ പറയാത്ത കഥകള്‍ എന്ന ഗ്രന്ഥം തയ്യാറാക്കിയത്. പത്രപ്രവര്‍ത്തകനായ തന്റെ പിതാവിനൊപ്പം ചെറുപ്രായത്തിലേ പ്രസ്‌ക്ലബില്‍ വരുമ്പോള്‍ അന്ന് കണ്ട ഉദ്ഘാടന ശിലാഫലകത്തെ കുറിച്ചുള്ള ചരിത്രാന്വേഷണമാണ് ഈ പുസ്തകമെന്ന് മഹ്ബൂബ് പറഞ്ഞു

Update: 2021-06-23 08:34 GMT

കൊച്ചി: പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിഅര നൂറ്റാണ്ട് മുമ്പ് കൊച്ചിയില്‍ പ്രസ്‌ക്ലബ് ഉദ്ഘാടനം ചെയ്ത ചരിത്ര കഥയുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി എ മഹ്ബൂബ്.കൊവിഡ്കാല ഒഴിവ് വേളയിലാണ് എറണാകുളം പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയും ചന്ദിക ദിനപ്പത്രം മുന്‍ ന്യൂസ് എഡിറ്ററുമായ മഹ്ബൂബ് , പത്രക്കാര്‍ പറയാത്ത കഥകള്‍ എന്ന ഗ്രന്ഥം തയ്യാറാക്കിയത്. പത്രപ്രവര്‍ത്തകനായ തന്റെ പിതാവിനൊപ്പം ചെറുപ്രായത്തിലേ പ്രസ്‌ക്ലബില്‍ വരുമ്പോള്‍ അന്ന് കണ്ട ഉദ്ഘാടന ശിലാഫലകത്തെ കുറിച്ചുള്ള ചരിത്രാന്വേഷണമാണ് ഈ പുസ്തകമെന്ന് മഹ്ബൂബ് പറഞ്ഞു.പത്രപ്രവര്‍ത്തക യൂനിയന്‍ സ്വന്തമായി രാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ഈ പ്രസക്ലബ് നിര്‍മ്മിതിയുടേത് അത്യപൂര്‍വ ചരിത്രമാണ്.

ഒരു രൂപാ ലോട്ടറി അച്ചടിച്ച് കേരളമെമ്പാടും വിറ്റഴിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ട് സ്ഥലവും നാല് നില കെട്ടിടവും സിറ്റിയില്‍ തന്നെ പത്രക്കാര്‍ക്ക് വീട് വെക്കാന്‍ രണ്ടര ഏക്കര്‍ സ്ഥലവും സ്വന്തമാക്കി.അടിയന്തിരാവസ്ഥയിലെ പത്രപ്രവര്‍ത്തനം, രാജീവ് ഗാന്ധിയുടെ കൊച്ചിയിലെ അവസാന വാര്‍ത്താ സമ്മേളനം, പ്രസ് അക്കാദമിയുടെ ആരംഭം, മഹാ നഗരത്തില്‍ പട്ടാപകല്‍ ഉടുതുണി ഉരിഞ്ഞ് ഓടിയ ലോ കോളേജ് കുട്ടികളുടെ സ്ട്രീക്കിങ്ങിന്റെ പിന്നാമ്പുറ കഥകള്‍, വയലാര്‍ രവിയുടെ പത്രപ്രവര്‍ത്തനം തുടങ്ങിയ അനുബന്ധങ്ങളുള്‍പ്പെടെ 372 പേജുകള്‍ അടങ്ങിയതാണീ പുസ്തകം.കൊച്ചിയില്‍ പ്രകാശന ചടങ്ങില്‍ പ്രസ്‌ക്ലബ് സ്ഥാപകരില്‍ ഇന്നുള്ള പി രാജന്‍, എം എം ലോറന്‍സ് മുന്‍ എം പി എന്നിവരെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags: