കൊറിയര്‍ വഴി മയക്ക്മരുന്ന് കടത്ത്: ഒരാള്‍ പോലിസ് പിടിയില്‍

ചെങ്ങമനാട് സ്വദേശി അജ്മല്‍ (24) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എംഡിഎംഎ, 3.89 ഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയര്‍ വഴി വന്നത്. എംഡിഎംഎയ്ക്ക് മാത്രം 20 ലക്ഷത്തോളം രൂപ വിലവരും

Update: 2022-09-15 13:26 GMT

കൊച്ചി: കൊറിയര്‍ വഴി ലക്ഷങ്ങള്‍ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസില്‍ ഒരാള്‍ പോലിസ് പിടിയില്‍. ചെങ്ങമനാട് സ്വദേശി അജ്മല്‍ (24) നെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എംഡിഎംഎ, 3.89 ഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയര്‍ വഴി വന്നത്. എംഡിഎംഎയ്ക്ക് മാത്രം 20 ലക്ഷത്തോളം രൂപ വിലവരും. മുംബൈയില്‍ നിന്നും രാഹുല്‍ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും അജ്മല്‍ ഇത് കൈപ്പറ്റി മടങ്ങുമ്പോള്‍ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അങ്കമാലിയില്‍ വച്ച് വളഞ്ഞ് പിടിയ്ക്കുകയായിരുന്നു.

ബ്ലുടൂത്ത് സ്പീക്കറിന് ഉള്ളില്‍ വച്ചാണ് മയക്കുമരുന്ന് കടത്തിയത്. ഇയാള്‍ ചെങ്ങമനാട് സ്‌റ്റേഷനിലെ റൗഡി ലിസിറ്റില്‍ പെട്ടയാളാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടപ്പടി ആലങ്ങാട് റോഡില്‍ ആയുര്‍വ്വേദ മരുന്ന് കടയ്ക്ക് സമീപം വച്ച് ഇരുപത് ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എംഡിഎംഎ എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് കാറില്‍ കടത്തുകയായിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

അങ്കമാലി എസ്എച്ച്ഒ പി എം ബൈജു, എസ്‌ഐമാരായ എല്‍ദോ പോള്‍, മാര്‍ട്ടിന്‍ ജോണ്‍, എഎസ്‌ഐമാരായ റെജിമോന്‍, സുരേഷ് കുമാര്‍ എസ്‌സിപി ഒ മാരായ അജിത് കുമാര്‍, മഹേഷ്, അജിത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് പിടികൂടുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. അന്വേഷണവും പരിശോധനയും വ്യാപിപ്പിക്കുമെന്നും ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ പോലിസിനെ അറിയിക്കണമെന്നും എസ്.പി പറഞ്ഞു

Tags:    

Similar News