ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്തണം; സീറോ മലബാര്‍ സഭാ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധം നടത്തി വൈദികര്‍

എറണാകുളം,തൃശൂര്‍,ഇരിങ്ങാലക്കുട,പാലാക്കാട് രൂപതകളില്‍ നിന്നായി 260 ഓളം വൈദികരാണ് കുര്‍ബ്ബാന ഏകീകരണം അടിച്ചേല്‍പ്പിക്കരുതെന്നും ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സെന്റ് തോമസ് മൗണ്ടില്‍ എത്തിയത്

Update: 2021-11-12 09:37 GMT

കൊച്ചി: ജനാഭിമുഖ കുര്‍ബ്ബാന നില നിര്‍ത്തണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെ വൈദികരുടെ നേതൃത്വത്തില്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിനു മുന്നില്‍ പ്രതിഷേധം.എറണാകുളം,തൃശൂര്‍,ഇരിങ്ങാലക്കുട,പാലക്കാട് രൂപതകളില്‍ നിന്നായി 260 ഓളം വൈദികരാണ് കുര്‍ബ്ബാന ഏകീകരണം അടിച്ചേല്‍പ്പിക്കരുതെന്നും ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് സെന്റ് തോമസ് മൗണ്ടില്‍ കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധവുമായി എത്തിയത്.


ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു മറുപടിയുമില്ലാതെ തീരുമാനം നടപ്പിലാക്കുമെന്ന നിലപാട് കത്തോലിക്ക സഭയിലെ വിശ്വാസത്തിന് യോജിച്ചതല്ലെന്ന് പ്രതിഷേധവുമായി എത്തിയ വൈദികര്‍ പറഞ്ഞു.ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന വിശ്വാസി സമൂഹത്തെ എന്തുകൊണ്ടാണ് സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ കേള്‍ക്കാത്തതെന്നും ഇവര്‍ ചോദിച്ചു.തീരുമാനം പുനപരിശോധിച്ച് നവംബര്‍ 20 ന് മുമ്പ് ഇക്കാര്യത്തില്‍ കൃത്യമായി മറുപടി നല്‍കാന്‍ സഭാ നേതൃത്വം തയ്യാറകണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.


തുടര്‍ന്ന് സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും സഭാ നേതൃത്വത്തിന് കൈമാറി.കഴിഞ്ഞ 50 വര്‍ഷമായി ചൊല്ലിക്കൊണ്ടിരിക്കന്ന ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പണ രീതി അട്ടിമറിക്കുന്ന ഒരു തീരുമാനവും സ്വീകാര്യമല്ലെന്നും അടിയന്തരമായി സിനഡ് ചേര്‍ന്ന് ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്താനുതകും വിധം തീരുമാനം പുനപരിശോധിക്കണം.നവംബര്‍ 20 നകം അനുകൂല തീരുമാനം വേണം, തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ആവശ്യം സാധിച്ചു കിട്ടുന്നില്ലെങ്കില്‍ പരസ്യമായ പുതിയ കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.സഭാ ആസ്ഥാനത്തിന് മുന്‍വശം പ്രാര്‍ഥനാ യഞ്ജവും നടത്തിയാണ് വൈദികര്‍ മടങ്ങിയത്.ഇതിനിടയില്‍ കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഏതാനും വിശ്വാസികളും സ്ഥലത്തെത്തിയിരുന്നു.

Tags:    

Similar News