കോതമംഗലം പള്ളി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി

കോടതിവിധിയുടെ അന്തസത്ത നിലനിര്‍ത്താനുള്ള നടപടി കോടതി തന്നെ ചെയ്യുമെന്നും കബളിപ്പിക്കാമെന്നു ആരും കരുതേണ്ടെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.കേന്ദ്ര സേനയെ വിളിച്ചുവരുത്താനാവുമോ എന്ന കാര്യത്തില്‍ കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിച്ചു

Update: 2020-11-10 14:28 GMT

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ തോമ ചെറിയപള്ളി ഏറ്റെടുക്കാനുള്ള കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി. കോടതിവിധി നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. കോടതിവിധിയുടെ അന്തസത്ത നിലനിര്‍ത്താനുള്ള നടപടി കോടതി തന്നെ ചെയ്യുമെന്നും കബളിപ്പിക്കാമെന്നു ആരും കരുതേണ്ടെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. കേന്ദ്ര സേനയെ വിളിച്ചുവരുത്താനാവുമോ എന്ന കാര്യത്തില്‍ വിശദീകരണം ബോധിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരരണം രേഖാമൂലം കോടതില്‍ സമര്‍പ്പിച്ചു.

ജില്ലാ കലക്ടര്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലന്നും പോലിസ് പരാജയമാണന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോടതിയലക്ഷ്യക്കേസില്‍ രണ്ടു ദിവസത്തിനകം ഉത്തരവുണ്ടാകുമെന്നും അതിനു മുന്‍പ് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. വിധി നടപ്പാക്കുന്നതതിന് ഒരു വര്‍ഷം കോടതി കാത്തിരുന്നു. ഇനി കൂടുതല്‍ സമയമം അനുവദിക്കാനാവില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന അറ്റോര്‍ണിയുടെ ആവശ്യം കോടതി അനുവദിച്ചില്ല.കോടതിയലക്ഷ്യ ഹരജി വിധി പറയാനായി കോടതി മാറ്റി.കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും യാക്കോബായ പക്ഷവും അടക്കം സമര്‍പ്പിച്ച അഞ്ച് അപ്പീലുകള്‍ ഡിവിഷന്‍ ബഞ്ച് തള്ളി. പള്ളി പിടിച്ചെടുക്കാനും ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നു നിര്‍ദേശിക്കാനും കോടതിക്ക് അധികാരമുണ്ട്. ആള്‍ക്കൂട്ടം ഉണ്ടന്ന് പറഞ്ഞ്‌വിധി നടപ്പാക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News