കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി മരിച്ച സംഭവം: നിയമ നടപടിയുമായി മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍; മുഖ്യമന്ത്രിക്കും പരാതി നല്‍കും

വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കും അത് മറച്ചു വെച്ച ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ളവര്‍ക്കും എതിരെ നടപടിയാവാശ്യപ്പെട്ട് പോലിസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് മരിച്ച ഫോര്‍ട് കൊച്ചി തുരത്തി സ്വദേശി ഹാരിസിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു

Update: 2020-10-19 05:36 GMT

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചതായുള്ള കളമശേരി മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ച ഹാരിസിന്റെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക്.വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കും അത് മറച്ചു വെച്ച ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ളവര്‍ക്കും എതിരെ നടപടിയാവാശ്യപ്പെട്ട് പോലിസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് മരിച്ച ഫോര്‍ട് കൊച്ചി തുരത്തി സ്വദേശി ഹാരിസിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രവാസിയായിരുന്ന ഹാരിസ് നാട്ടിലെത്തിയതിനു ശേഷം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 26 നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്ന് സഹോദരി പറഞ്ഞു.ചികില്‍സ തുടങ്ങിയതിനു ശേഷം ഹാരിസ് എല്ലാ ദിവസവും വിളിക്കാറുണ്ടായിരുന്നു. അസുഖം കുറവുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അടക്കമുള്ളവരും പറഞ്ഞിരുന്നു.ജൂലൈ 20 ന് വൈകുന്നേരം ആശുപത്രിയില്‍ നിന്നും ഹാരിസ് ഭാര്യയെ വിളിച്ചു കുറേ നേരം സംസാരിക്കുകയും ചെയ്തിരുന്നു.5.30 വിളിച്ച ഹാരിസ് 6.45 ഓടെ മരിച്ചുവെന്നാണ് പിന്നീട് അറിയുന്നതെന്നും ഹാരിസിന്റെ സഹോദരി പറഞ്ഞു.രോഗം ഭേദമായെന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞ വ്യക്തി ഒന്നര മണിക്കൂര്‍ കഴിഞ്ഞ് മരിക്കാനിടയായതെന്തുകൊണ്ടാണെന്ന് തങ്ങള്‍ക്കറിയണമെന്നും സഹോദരി പറഞ്ഞു.

ഇപ്പോള്‍ പുറത്തു വന്ന കളമശേരി മെഡിക്കല്‍ കോളജിലെ നേഴ്‌സിന്റെ ശബ്ദ സന്ദേശം കേട്ടപ്പോള്‍ തന്റെ ആങ്ങളെയെ ആശുപത്രിക്കാര്‍ കൊന്നതാണെന്ന് ഉറപ്പായെന്നും സഹോദരി പറഞ്ഞു.അവര്‍ക്ക് നോക്കാന്‍ പറ്റില്ലായിരുന്നുവെങ്കില്‍ അപ്പോള്‍ പറഞ്ഞാല്‍ മതിയായിരുന്നു. തങ്ങള്‍ വേറെ ഏതങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നുവെന്നും സഹോദരി പറഞ്ഞു.ഹാരിസിന്റെ മരണമറിഞ്ഞ് ജൂലൈ 20 ന് തകര്‍ന്ന് വീണതാണ് അമ്മയും ഭാര്യയും ഇപ്പോഴും അവര്‍ അതില്‍ നിന്നും മുക്തരായിട്ടില്ലെന്നും സഹോദരി പറഞ്ഞു.രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാരിസിന്റെ ചികില്‍സ തുടരുന്നതിനിടയില്‍ ഹാരിസ് രോഗമുക്തനായെന്നും രണ്ടു ദിവസത്തിനുള്ളില്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വീട്ടിലേക്ക് പോകാമെന്നാണ് അന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നതെന്ന് മരിച്ച ഹാരിസിന്റെ മറ്റൊരു ബന്ധു പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ തങ്ങളെക്കൊണ്ട് ശ്വസനോപകരണവും ആശുപത്രിഅധികൃതര്‍ വാങ്ങിച്ചു. വാര്‍ഡിലും തുടര്‍ന്ന് വീട്ടിലും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ അത് തങ്ങളെക്കൊണ്ടു വാങ്ങിച്ചതെന്നും ബന്ധു പറഞ്ഞു.ഇത് തങ്ങള്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.രോഗമുക്തി നേടിയതില്‍ ഹാരിസും പ്രതീക്ഷയിലായിരുന്നു.ഈ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് പെട്ടന്ന് ഡോക്ടര്‍ വിളിച്ച് ഹാരിസ് മരിച്ചുപോയെന്ന് പറയുന്നത്.ഹാരിസിന്റേത് തീര്‍ത്തും നിര്‍ധന കുടുംബമാണ്.വാടകയ്ക്കാണ് താമസിക്കുന്നത്.ശ്വസന ഉപകരണം പോലും വാങ്ങിച്ചത് ബുദ്ധമുട്ടിയാണ്.

അതിന്റെ പേരിലും ബാധ്യതയുണ്ടായി.ഇത് തീര്‍ക്കാന്‍ ശ്വസന ഉപകരണം തിരിച്ചുകൊടുത്താല്‍ എടുക്കാന്‍ തയാറാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് ഇത് തിരികെ വേണമെന്നും ഹാരിസിന്റെ മരണത്തിനുത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.ഇതിന്റെ കോപ്പി അന്നു തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഫോര്‍വേഡ് ചെയ്തിരുന്നു.അപ്പോള്‍ സൂപ്രണ്ട് തങ്ങള്‍ക്ക് ഉറപ്പു നല്‍കിയത് തങ്ങള്‍ തന്നെ വിഷയം പരിഹരിച്ചുകൊള്ളാമെന്നായിരുന്നു.പിന്നീട് ശ്വസനോപകരണത്തിന്റെ പണം തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നും നല്‍കിയിരുന്നു.

നിലവില്‍ നേഴ്‌സിന്റെ ശബ്ദ സന്ദേശം പുറത്തു വന്ന സാഹചര്യത്തില്‍ നിയമ നടപടിയുമായി തങ്ങള്‍ മുന്നോട്ടു പോകുകയാണെന്നും ഇതിനായി നിയമവിദഗ്ദരുമായി ആലോചിക്കുമെന്നും ഹാരിസിന്റെ ബന്ധു പറഞ്ഞു.ഗുരുതര വീഴ്ചയാണ് കളമശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്.ഇത് ഹാരിസിന്റെ മാത്രം വിഷയമല്ല. പൊതു സമൂഹത്തിന്റെ പൊതുവായ പ്രശ്‌നമാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും ഹാരിസിന്റെ ബന്ധു ആവശ്യപ്പെട്ടു. ഇനിയും മറ്റൊരാള്‍ക്ക് ഈ ദുര്‍ഗതി ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News