പോളണ്ടില്‍ നിന്നും കൊറിയര്‍ വഴി അതിമാരകമായ രാസലഹരി കടത്തിയ ആള്‍ എക്‌സൈസിന്റെ പിടിയില്‍

തലശ്ശേരി മണ്ണയാടില്‍ താമസിക്കുന്ന കാവ്യാസ് വീട്ടില്‍ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കള്‍ക്കിടയില്‍ 'വ്യാസ് ഭായ് ' എന്നറിയപ്പെടുന്ന ഇയാള്‍ വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Update: 2022-06-30 14:50 GMT

കൊച്ചി: പോളണ്ടില്‍ നിന്ന് രാജ്യാന്തര കൊറിയര്‍ സംവിധാനം ഉപയോഗിച്ച് അതിമാരക രാസലഹരിയായ എല്‍എസ്ഡി സ്റ്റാമ്പ് കടത്തികൊണ്ട് വന്നയാള്‍ എക്‌സൈസിന്റെ പിടിയില്‍. തലശ്ശേരി മണ്ണയാടില്‍ താമസിക്കുന്ന കാവ്യാസ് വീട്ടില്‍ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കള്‍ക്കിടയില്‍ 'വ്യാസ് ഭായ് ' എന്നറിയപ്പെടുന്ന ഇയാള്‍ വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.ഗോവ, ബംഗളുരു എന്നി സ്ഥലങ്ങളിലെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഐടി വിദഗ്ധര്‍ക്കാണ് ഇയാള്‍ പ്രധാനമായും രാസലഹരി എത്തിച്ചിരുന്നത്. വിപണിയില്‍ പത്ത് ലക്ഷത്തോളം മൂല്യമുള്ള മയക്ക് മരുന്നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു.

എറണാകുളം കസ്റ്റംസ് പോസ്റ്റല്‍ അപ്രയ്‌സിംഗ് ഓഫീസില്‍ വന്ന പാഴ്‌സല്‍ സംശയാസ്പദമായ സാഹചാര്യത്തില്‍ തടഞ്ഞ് വയ്ക്കുകയും, തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് കസ്റ്റംസ് ടീം സിറ്റി എക്‌സൈസ് റേഞ്ചിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധന ഗോള്‍ഡന്‍ ഡ്രാഗണ്‍ വിഭാഗത്തില്‍പ്പെടുന്ന അതിമാരകമായ 200 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ സിറ്റി റേഞ്ച് എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി വി ഏലിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപികരിച്ച്‌നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഡാര്‍ക്ക് വെബിലൂടെയുള്ള ഇടപാട് ആയതിനാല്‍ പ്രതിയെ കണ്ടെത്തുന്നത് വളരെ ദുഷ്‌കരമാണെന്നിരിക്കെ ദൗത്യം എക്‌സൈസിന്റെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം ഏറ്റെടുത്ത് ഇവരുടെ സമയോചിതമായ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് അതിവിദഗ്ധമായി പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി എറണാകുളത്ത് നിന്ന് പ്രതിയെ കണ്ണൂരില്‍ ലൊക്കേറ്റ് ചെയ്യുകയും വളരെ പെട്ടെന്ന് എക്‌സൈസ് ടീം കണ്ണൂര്‍ എത്തി പ്രതിയെ ഇയാളുടെ താമസ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാളുടെ താമസസ്ഥലത്ത് മയക്ക് മരുന്നിന്റെ ഒരു കമനീയ ശേഖരം തന്നെ ഉണ്ടായിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നിന്നും 6 ഗ്രാം എം ഡി എം എ, 260 മില്ലി ഹെറോയിന്‍ , 20 ഗ്രാം ഹാഷിഷ് , 36 മില്ലിഗ്രാം ഘടഉ, 105 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തതായും എക്‌സൈസ് സംഘം പറഞ്ഞു.ഡാര്‍ക്ക് വെബ് വഴി ഇത്തരത്തില്‍ നടത്തുന്ന ലക്ഷങ്ങളുടെ ഇടപാടുകള്‍ കണ്ടെത്തുക എന്നത് വളരെ ദുഷ്‌കരമാണ്. ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് വിദേശത്ത് നിന്നും ഇതു പോലുള്ള മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തുന്നത്. അതിവിദഗ്ധമായി ഇത്തരത്തില്‍ നടത്തുന്ന ഇടപാടുകളില്‍ കുറ്റവാളികളെ കണ്ടെത്തുക എന്നുള്ളത് അതീവ ദുഷ്‌കരമാണെന്നും എക്‌സൈസ് സംഘം പറഞ്ഞു.

ഗോള്‍ഡന്‍ ഡ്രാഗണ്‍ പോലുള്ള എല്‍ എസ് ഡി സ്റ്റാമ്പിന് ഒരെണ്ണത്തിന് 3000 മുതല്‍ 5000 വരെയാണ് ഇടാക്കി വരുന്നത്. പോളണ്ട്, നെതര്‍ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് രാജ്യാന്തര കൊറിയര്‍ വഴി നേരിട്ട് എത്തിക്കുന്ന ഇത്തരം സ്റ്റാമ്പുകള്‍ക്ക് വന്‍ വിലയാണ് ഈടാക്കി വരുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം ഊര്‍ജിതമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിലെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം അംഗങ്ങളായ ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ , അസിസ്റ്റന്റ് ഇന്‍പെക്ടര്‍ കെ വി ബേബി, പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍ , സിവില്‍ ഓഫിസര്‍മാരായ എന്‍ ഡി ടോമി, വിമല്‍ രാജ് ആര്‍, പ്രവീണ്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News