നിയമ വിരുദ്ധമായി യാത്രികന് യാത്രാനുമതി നിഷേധിച്ചുവെന്ന്; വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പി വി അജിത് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവരുടെ ഉത്തരവ്

Update: 2022-09-02 05:56 GMT

കൊച്ചി :നിയമ വിരുദ്ധമായി യാത്രികന് യാത്രാനുമതി നിഷേധിച്ച വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പി വി അജിത് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.വിമാന കമ്പനിയുടെ സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാല്‍ ഉപഭോക്താവിന് ടിക്കറ്റ് തുക തിരിച്ചു നല്‍കുകയും കോടതി ചെലവ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ല ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി ബിനു, അംഗങ്ങളായ

വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവര്‍ ഉത്തരവിട്ടു. ബഹ്‌റിനിലേക്ക് യാത്രയ്ക്കായി സുഹൃത്തിനു വേണ്ടിയാണ് പരാതിക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.ടിക്കറ്റ് ബുക്ക് ചെയ്ത തുക നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ ഹാജരാക്കാതിരുന്ന തിനെ തുടര്‍ന്നാണ് യാത്രാനുമതി നിഷേധിച്ചത്.യാത്രികന്‍ മറ്റ് രേഖകള്‍ ഹാജരാക്കിയെങ്കിലും യാത്രാനുമതി നിഷേധിക്കപ്പെട്ടു. ഇതു മൂലം ബഹ്‌റിനില്‍ ജോലിക്ക് യഥാസമയും എത്തിച്ചേരുവാനും കഴിഞ്ഞില്ല.ഉപഭോക്താവല്ല കോടതിയെ സമീപിച്ചത് എന്നതിനാല്‍ പരാതി തന്നെ നിലനില്‍ക്കുന്നതല്ലന്ന വാദമാണ് എതിര്‍കക്ഷി ഉയര്‍ത്തിയത്.ഈ വാദം തള്ളിയ കോടതി ടിക്കറ്റ് തുകയായ 18303 രൂപ 12% പലിശയും 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും ഉപഭോക്താവിനു നല്‍കാന്‍ എതിര്‍ കക്ഷിക്ക് നിര്‍ദ്ദേശം നല്‍കി.

Tags: